ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ജില്ലാ വനിതാ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീൻ ജെയിൻ പറഞ്ഞു. കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളിൽ പലർക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കൾ നൽകിയതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി. 25 ശിശുക്കളിൽ 10 പേർ പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.
രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായങ്ങൾ ഉപയോഗിച്ച് അമ്മമാർ കുഞ്ഞുങ്ങൾക്ക് പേരിട്ടു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ അഭ്യർത്ഥിച്ചതായും ദ്വിവേദി. ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിൽ ജനിച്ച മിക്ക കുട്ടികൾക്കും അവരുടെ മാതാപിതാക്കൾ ശ്രീരാമന്റെയോ സീതാദേവിയുടെയോ പേരുകളാണ് നൽകിയിരിക്കുന്നത്.
ചന്ദൗസിയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലെ പ്രസവമുറിക്കുള്ളിൽ ഒരു മിനിയേച്ചർ രാമക്ഷേത്രം തന്നെ ആശുപത്രി അധികൃതർ സ്ഥാപിച്ചു. തിങ്കളാഴ്ച ഗർഭിണികൾക്ക് പ്രസവത്തിന് മുമ്പ് പ്രാർത്ഥിക്കാൻ സൗകര്യവും ഒരുക്കി കൊടുത്തു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തന്റെ നഴ്‌സിംഗ് ഹോമിലെ പ്രസവമുറിയും നവജാത ശിശുവിന്റെ മുറിയും കാവി നിറത്തിൽ അലങ്കരിച്ചതായും നവജാത ശിശുവിന്റെ മുറിയിൽ ഒരു ചെറിയ ദൈവത്തെ പ്രതിഷ്ഠിച്ചതായും നഴ്സിംഗ് ഹോമിലെ ഡോ. വന്ദന സക്‌സേന പറഞ്ഞു.
Discussion about this post