ചെന്നൈ: എല്‍ടിടിഇ ബന്ധം സംശയിക്കുന്ന നാം തമിഴര്‍ കച്ചി നേതാക്കള്‍ക്കായി തമിഴ്‌നാട്ടിലെ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. എല്‍ടിടിഇയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് നാം തമിഴര്‍ കച്ചി(എന്‍ടികെ) പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെയ്ഡ്. എന്‍ടികെ പ്രവര്‍ത്തകനും യു ട്യൂബറുമായ സാതായി ദുരൈമുരുഗന്റെ ഓഫീസും പരിശോധിച്ചു. ഇയാളുടെ ഓഫീസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. മറ്റൊരു യുട്യൂബറായ തെന്നാഗം വിഷ്ണുവിന്റെ വീടും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
തൃച്ചി, കോയമ്പത്തൂര്‍, ശിവഗംഗ, തെങ്കാശി എന്നിവിടങ്ങളിലെ എന്‍ടികെ ഭാരവാഹികളുടെ വസതികളിലും എല്‍ടിടിഇ ഫണ്ട് വെളുപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തി. നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടതാണ് കേസ്.
ഇന്ത്യ-ശ്രീലങ്ക മയക്കുമരുന്ന് കടത്ത് ആയുധ വ്യാപാര കേസില്‍ കഴിഞ്ഞ ജൂണില്‍ മൂന്ന് ഇന്ത്യക്കാരും 10 ലങ്കന്‍ പൗരന്മാരും ഉള്‍പ്പെടെ പതിമൂന്ന് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീലങ്കയുടെ വടക്കും കിഴക്കും ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രം ഉണ്ടാക്കുക എന്ന എല്‍ടിടിഇ പദ്ധതികളുടെ ഭാഗമായാണ് ആയുധവ്യാപാരമുള്‍പ്പെടെ നടന്നതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
ഭാരതത്തിലും ശ്രീലങ്കയിലും എല്‍ടിടിഇയുടെ പുനരുജ്ജീവനത്തിന് ഫണ്ടിങ്, ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കല്‍, മയക്കുമരുന്ന് വ്യാപാരം എന്നിവ നടന്നുവെന്ന കേസില്‍ കഴിഞ്ഞ ജൂലൈ എട്ടിന് എന്‍ഐഎ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post