മുരൈന(മധ്യപ്രദേശ്): ഭാരതത്തിന്റെ വിശ്വനേതൃപദത്തെ സ്വീകരിക്കാന്‍ ജനങ്ങള്‍ സജ്ജരാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്ത് ഒരു പുതിയ ചരിത്രം പിറക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനേകം മഹത്‌വ്യക്തികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലം പ്രകടമാവുന്നു. സമീപഭാവിയില്‍ത്തന്നെ ലോകത്തിന്റെ നേതൃപദത്തിലേക്ക് ഭാരതമെത്തിച്ചേരും. ഇതിനായി സ്വയം തയാറെടുക്കേണ്ടത് ആവശ്യമാണ്. സ്വന്തം പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുന്ന സമാജമായി നമ്മള്‍ മാറണം. സമൂഹത്തിന് ആ ശേഷി നല്കുന്ന വ്യക്തികള്‍ സൃഷ്ടിക്കപ്പെടണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് മധ്യഭാരത് പ്രാന്തത്തിലെ കാര്യകര്‍ത്തൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ ഈ നൂറ് വര്‍ഷത്തിനുള്ളില്‍ നമുക്ക് ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള അടിത്തറ പാകാന്‍ മാത്രമാണ് കഴിഞ്ഞത്. ലക്ഷ്യത്തിലേക്ക് ഇനിയുമുണ്ട് ഏറെ ദൂരം. ഇപ്പോള്‍ തനിമയുടെ ഉണര്‍വ് എല്ലായിടത്തും പ്രകടമാണ്. തനിമയില്‍ രാഷ്ട്രം ഉണരുകയും പരമമായ ശ്രേയസിലേക്ക് വളരുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തനിമയുടെ ബലമുള്ള ആ അടിത്തറയില്‍ പരമവൈഭവ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
സമാജത്തിന് ദേശീയതയുടെ ദിശാബോധം നല്‍കണമെങ്കില്‍ പ്രവര്‍ത്തകര്‍ സ്വയം വികസിക്കണം. സംഘത്തെ ഇന്ന് സമാജം പ്രതീക്ഷയോടെയാണ് കാണുന്നത്. സാമാജിക ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സംഘത്തില്‍ നിന്നൊരു പരിഹാരം ലഭിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ കഴിവുള്ള ഒരു സമാജത്തെയാണ് നാം കെട്ടിപ്പടുക്കേണ്ടത്. അതിന് ക്രിയാത്മകമായ സജ്ജനങ്ങളുടെ ശക്തിയെ സമാഹരിക്കണം. അവരെ ഒപ്പം കൂട്ടണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, ക്ഷേത്രീയ സംഘചാലക് അശോക് സോഹ്നി, പ്രാന്ത സഹ കാര്യവാഹ് അശോക് അഗര്‍വാള്‍, ക്ഷേത്രീയ സഹകാര്യവാഹ് ഹേമന്ത് മുക്തിബോധ് തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post