നാഗ്പൂര്‍: വെല്ലുവിളികള്‍ നേരിടുന്ന ലോകത്തിന് രാമരാജ്യമെന്ന ആദര്‍ശം മാതൃകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം അര്‍ത്ഥപൂര്‍ണമാകുമെന്നും പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം വിലയിരുത്തുന്നു. ശ്രീരാമന്റെ ജീവിതത്തില്‍ പ്രതിഫലിക്കുന്ന ത്യാഗം, വാത്സല്യം, നീതി, പരാക്രമം, സൗമനസ്യം, ന്യായം തുടങ്ങിയ ശാശ്വതമായ ധാര്‍മികമൂല്യങ്ങള്‍ സമൂഹത്തില്‍ വീണ്ടും പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണ്. എല്ലാ തരത്തിലുമുള്ള കലഹങ്ങളും വിവേചനങ്ങളും ഇല്ലാതാക്കി സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായ, പുരുഷാര്‍ത്ഥത്തിലൂന്നിയ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ശ്രീരാമനോടുള്ള യഥാര്‍ത്ഥ ആരാധന. സാഹോദര്യവും കര്‍ത്തവ്യബോധവും മൂല്യാധിഷ്ഠിത ജീവിതവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സമര്‍ത്ഥ ഭാരതം കെട്ടിപ്പടുക്കാന്‍ അഖില ഭാരതീയ പ്രതിനിധി സഭ എല്ലാ ഭാരതീയരെയും ആഹ്വാനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സാര്‍വത്രിക ക്ഷേമം ഉറപ്പാക്കുന്ന ഒരു ആഗോള ക്രമം വളര്‍ത്തിയെടുക്കുന്നതില്‍ ഭാരതത്തിന് ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ശ്രീരാമന്റെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമന്വയപൂര്‍ണവും സംഘടിതവുമായ ദേശീയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭാരതത്തിന്റെ ദേശീയ പുനരുജ്ജീവനത്തിന്റെ മഹത്തായ ഒരു യുഗത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചന കൂടിയാണിത്. വൈദേശിക വാഴ്ചയുടെയും സംഘര്‍ഷത്തിന്റെയും കാലത്തുനേരിട്ട ആത്മവിശ്വാസക്കുറവില്‍ നിന്ന് സമൂഹം പുറത്തുവരുകയാണ്. ഹിന്ദുത്വത്തിന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന സമൂഹമാകെ അതിന്റെ ‘തനിമ തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും തയാറെടുക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
Discussion about this post