അയോദ്ധ്യ: ആദ്യഹോളിയില്‍ ആറാടി ബാലകരാമന്‍. സര്‍വാഭരണങ്ങളണിഞ്ഞ്, നിറങ്ങളില്‍ നീരാടി ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനമേകി അയോദ്ധ്യയിലെ ശ്രീരാംലല്ല. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമെത്തിയ ആദ്യ ഹോളി ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രീരാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് എക്‌സിലൂടെ പങ്കുവച്ചു.
ഹോളി ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന രംഗോത്സവത്തിന്റെ ഭാഗമായി പനിനീര്‍ പൂക്കള്‍ കൊണ്ട് പൂജാരിമാര്‍ രാംലല്ലയ്ക്ക് അഭിഷേകം നടത്തി. ജനങ്ങള്‍ക്കൊപ്പം ഭഗവാനും ഹോളിയില്‍ പങ്കെടുക്കുന്ന സങ്കല്പത്തിലാണ് ഇന്നലെ ബാലകരാമനെ ഒരുക്കിയത്.
ഒരു ദിവസം മുമ്പുതന്നെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ആടിയും പാടിയും നിറങ്ങള്‍ പൂശിയും ഹോളി കൊണ്ടാടി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമെത്തിയ ആദ്യ രംഗഭരി ഏകാദശിയില്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ വര്‍ണമാലകള്‍ പൂശി രംഗോത്സവത്തിന് തുടക്കം കുറിച്ചിരുന്നു. അയോദ്ധ്യയും പരിസരവും കീര്‍ത്തനങ്ങളും ഭജനകളും നൃത്തവും കൊണ്ട് ആഹ്ലാദഭരിതമായ ദിനങ്ങളാണ് കടന്നുപോകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post