എഡിന്‍ബറ: ദൈവകണം (ഹിഗ്‌സ് ബോസോണ്‍) എന്ന പുതിയ അടിസ്ഥാനകണികയുടെ സാന്നിധ്യം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് (94) അന്തരിച്ചു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് മരണവിവരം അറിയിച്ചത്. ഏപ്രില്‍ എട്ടിനായിരുന്നു അന്ത്യം.
കഴിഞ്ഞ നൂറ്റാണ്ടില്‍ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായി കണക്കാക്കുന്ന ഹിഗ്സ് ബോസോണ്‍ (ദൈവകണം) കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. 1964ലാണ് അടിസ്ഥാന കണികയായ ദൈവകണത്തിന്റെ സാധ്യത അദ്ദേഹം പ്രവചിച്ചത്. 1924ല്‍ സത്യേന്ദ്രനാഥ് ബോസ് എന്ന ഭാരതീയ ശാസ്ത്രജ്ഞന്‍ രൂപം നല്കിയ ബോസോണ്‍ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനമായത്.
പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, 2012ല്‍ പീറ്റര്‍ ഹിഗ്‌സിന്റെ കണ്ടെത്തല്‍ ശരിവച്ചു. ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപകരണം ഉപയോഗിച്ച് പ്രോട്ടോണ്‍ കണങ്ങളെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള സഞ്ചാരപഥത്തില്‍ വിപരീതദിശകളില്‍ ഏകദേശം പ്രകാശവേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിച്ചാണ് കണികാ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് കണികയ്‌ക്ക് ഹിഗ്‌സ് ബോസോണ്‍ എന്ന് പേര് നല്കി. ദൈവകണത്തെ കുറിച്ചുള്ള പഠനത്തിന് പീറ്റര്‍ ഹിഗ്‌സും ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടും ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
1929ല്‍ ബ്രിട്ടനിലാണ് ഹിഗ്‌സ് ജനിച്ചത്. യുകെയിലെ എഡിന്‍ബറ സര്‍വകലാശാലയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സര്‍വകലാശാല 2012ല്‍ ഹിഗ്‌സ് സെന്റര്‍ ആരംഭിച്ചു. ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ഹിഗ്‌സിന് ലഭിച്ചിട്ടുണ്ട്.
Discussion about this post