ന്യൂദല്‍ഹി: ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂമി വിട്ടുനല്കാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നീക്കം ഭാവാത്മകമെന്ന് ഭാരതം പ്രതികരിച്ചു.
ഹിന്ദു, സിഖ് സമുദായങ്ങളുടെ സ്വത്തവകാശം പുനഃസ്ഥാപിക്കാന്‍ താലിബാന്‍ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ കണ്ടു. താലിബാന്‍ ഭരണകൂടം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അതൊരു നല്ല സംഭവവികാസമായാണ് ഞങ്ങള്‍ കാണുന്നത്,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പ്രതിവാര മാധ്യമ സമ്മേളനത്തില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കാബൂളിലെ മുന്‍ ഭരണകാലത്ത് പിടിച്ചെടുത്ത സ്വകാര്യ ഭൂമിയുടെ അവകാശം ഉടമകള്‍ക്ക് തിരികെ നല്‍കുന്നത് പരിഗണിക്കാന്‍ താലിബാന്‍ ഭരണകൂടം ഒരു കമ്മിഷനെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ് കഴിഞ്ഞ മാസം താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് താലിബാന്‍ നീക്കം.
Discussion about this post