ഭോപ്പാൽ : അയ്യപ്പ ധർമ്മവും ശബരിമല തീർത്ഥാടനവും ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. ശബരിമല അയ്യപ്പ സേവാസമാജം മധ്യഭാരത് പ്രാന്ത ഘടകം ഭോപാൽ ഹേമ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിഷു സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാവരെയു ഒരുമിപ്പിക്കുന്നതാണ് ശബരിമല തീർത്ഥാടനം. ഒരു അമ്മ എഴുതി, ഈശ്വര വിശ്വാസം ഇല്ലാത്ത ഒരു സംഗീതജ്ഞൻ ഈണം നൽകി ക്രിസ്തുമത വിശ്വാസിയായ ഒരാൾ പാടിയ ഹരിവരാസനം ആണ് മല മുകളിൽ അയ്യൻ്റെ നട അടയ്ക്കുന്നതിന് മുൻപ് ഭക്ത ജന ലക്ഷങ്ങൾ ഉരുവിടുന്നത്, അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രമല്ല, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തങ്ങളായ പേരുകളിൽ വിഷു നവ വർഷം ആഘോഷിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും തലമുറയ്ക്ക് സംസ്കൃതി , ആചാരം, അനുഷ്ഠാനങ്ങൾ എന്നിവ മനസ്സിലാക്കുവാൻ ഉള്ള അവസരം ഒരുക്കണം.
ലോകം മുഴുവൻ ഉറ്റ് നോക്കുന്ന ഹൈന്ദവ സാംസ്കാരിക വിപ്ലവത്തിന് ഇത്തരം ഒത്തുചേരലുകൾ കാരണമാകണം , ജെ . നന്ദകുമാർ പറഞ്ഞു.
മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പരിപാടിയിൽ വിഷു ആശംസകൾ നേർന്നു. മഖൻ ലാൽ ചതുർവേദി വിശ്വവിദ്യാലയം വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ.ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ഭോപാൽ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാൽക്കർ വിശിഷ്ടാതിഥിയായിരുന്നു.
ഭക്തി ഗീതങ്ങൾ, തിരുവാതിര, ഭരത നാട്യം, അയ്യപ്പ സ്തുതിയിൽ ചിട്ടപ്പെടുത്തിയ നൃത്ത നൃത്യങ്ങൾ, ഹരിവരാസനം തുടങ്ങിയവ പരിപാടിക്ക് മിഴിവേറ്റി.
ചടങ്ങിൽ ശബരിമല ഗുരുസ്വാമിമാർ, അയ്യപ്പക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിക്കുന്നവർ,, സിവിൽ സർവീസിൽ ഉന്നത സേവനം കാഴ്ചവെച്ച മലയാളികൾ, പരിപാടി അവതരിപ്പിച്ച കലാകാരന്മാർ എന്നിവരെ ആദരിച്ചു.
Discussion about this post