ന്യൂദല്‍ഹി: പട്ന യൂണിവേഴ്‌സിറ്റിയിലെ ബിഹാര്‍ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥി ഹര്‍ഷ് രാജിനെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസ (എഐഎസ്എ) അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി എബിവിപി.
സംഭവത്തെക്കുറിച്ച് സമഗ്രവും അടിയന്തരവുമായ അന്വേഷണം വേണം. പ്രതികളായ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും എബിവിപി ആവശ്യപ്പെട്ടു. ഹര്‍ഷ് രാജിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറിലെ വിവിധ ജില്ലകളിലും ദല്‍ഹി സര്‍വകലാശാലയിലും ജെഎന്‍യുവിലും എച്ച്‌സിയുവിലും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യത്തുടനീളമുള്ള കാമ്പസുകളില്‍ ഐസ, എസ്എഫ്ഐ പോലുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന അക്രമങ്ങളും ക്രൂരതകളും വര്‍ധിക്കുന്നതില്‍ എബിവിപി ഉത്കണ്ഠ രേഖപ്പെടുത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ ഈ ഇടത് സംഘടനകള്‍ പ്രചരിപ്പിക്കുന്ന അക്രമാസക്തമായ ആശയങ്ങള്‍ നിരോധിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല ആവശ്യപ്പെട്ടു.
ഈ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഊട്ടിയുറപ്പിക്കുന്ന വിഷലിപ്തമായ പ്രത്യയശാസ്ത്രത്തിനെതിരെ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് സമീപകാല സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഹര്‍ഷ് രാജിനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ചന്ദന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നാണ് ഐസ പറയുന്നത്.
എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post