ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ 31.2 കോടി സ്ത്രീകളടക്കം 64.2 കോടി വോട്ടർമാരുമായി ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ 68,000 മോണിറ്ററിംഗ് ടീമുകളും 1.5 കോടി പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വനിതാ വോട്ടർമാരെ കമ്മീഷൻ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങൾ വോട്ട് ചെയ്യാൻ ഉത്സാഹം കാട്ടിയതിന്റെ തെളിവാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രതികരിച്ചു.
ഏഴ് ഘട്ടങ്ങളായി നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു ഇലക്ഷൻ കമ്മീഷൻ. ചരിത്രപരമായ യാത്രയായിരുന്നു തെരഞ്ഞെടുപ്പ് കാലഘട്ടം. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് ഉത്സവ അന്തരീക്ഷമായിരുന്നു. മണിപ്പൂരിൽ അടക്കം സമാധാനപരമായി വോട്ടിംഗ് പൂർത്തിയാക്കി. വൊട്ട് ചെയ്ത 64.2 കോടി വോട്ടർമാരിൽ 31.2 കോടി പേർ വനിതകളാണെന്ന് അറിയിച്ച ശേഷമായിരുന്നു കമ്മീഷൻ വാർത്താസമ്മേളനം തുടങ്ങിയത്.
27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റീ പോളിംഗ് വേണ്ടിവന്നില്ല. 2019നെ അപേക്ഷിച്ച് ആകെ 39 ഇടങ്ങളിൽ മാത്രമാണ് റീപോളിംഗ് നടന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. മാതൃകാപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചു. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ചില ആരോപണങ്ങൾ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നില്ലെന്ന വിമർശനത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറുപടി പറഞ്ഞു. 100 ലേറെ വാർത്താകുറിപ്പുകൾ ഇറക്കിയെന്നും എപ്പോഴും മാധ്യമങ്ങളുമായി തങ്ങൾ സംവദിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ട് നിടയിലെ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ജില്ലാ മജിസ്‌ട്രേറ്റുമാർ സ്വാധീനിക്കപ്പെട്ടുവെന്ന ആരോപണങ്ങളും കമ്മീഷൻ തള്ളി. വോട്ടെണ്ണലിന് മുൻപ് അത്തരത്തിൽ തെളിവുകൾ നൽകിയാൽ അവരെ ശിക്ഷിക്കാൻ തയ്യാറാണെന്നും കമ്മീഷൻ പറഞ്ഞു. 17C ഫോമിനെപ്പറ്റി വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നിന്ന് പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നെ എവിടെ നിന്നാണ് ഈ പരാതി വന്നതെന്നറിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂ റും സിസിടിവി നിരീക്ഷണം ഉണ്ടാകും. ഇവിടെ നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
Discussion about this post