ന്യൂദൽഹി: കേരളത്തിലെ പാർട്ടി പ്രവർത്തകരെ കുറിച്ച് വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി. രക്തസാക്ഷികളുടെ മണ്ണാണ് കേരളം. അവിടത്തെ സംഘ പ്രവർത്തകർ ഒരുപാട് അനുഭവിച്ചവർ ആണെന്നും എന്നാൽ വളരെ വലിയ അന്യായങ്ങൾ അനുഭവിച്ചിട്ടും കേരളത്തിലെ പാർട്ടി പ്രവർത്തകർ തങ്ങളുടെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ല. അവിടെ നിന്നും നമുക്കൊരു പ്രതിനിധിയെ കിട്ടിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻഡിഎ നേതാക്കളെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് കേരളത്തെ പരാമർശിച്ചത്.
ഇന്ത്യയിലെ ഒരു പാർട്ടിയിലെ പ്രവർത്തകർക്കും ഇത്ര വലിയ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. കാശ്‌മീരിൽ പോലും സംഘ പ്രവർത്തകർ കേരളത്തിൽ സംഭവിച്ചത് പോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വിജയം എന്നത് വിദൂര ഭാവിയിൽ പോലും അവർക്ക് ദൃശ്യമായിരുന്നില്ല എങ്കിലും അവർ സംഘത്തിൽ അടിയുറച്ചു നിന്നും. സംഘത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത് ബലിദാനികളായി. ഇന്ന് കേരളത്തിൽ നിന്ന് ബിജെപി ക്ക് ഒരു പ്രതിനിധി ഉണ്ടെന്ന് പറയുന്നത് വലിയൊരു വിജയമാണ് – നരേന്ദ്ര മോദി പറഞ്ഞു.
എൻഡിഎയ്‌ക്ക് അധികാരമില്ലാത്ത കർണാടകയിലും തെലങ്കാനയിലും ജനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ സ്വീകരിച്ചെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്നും മുന്നണിയ്‌ക്ക് സീറ്റ് ലഭിച്ചില്ല എന്നാൽ വളരെ ശക്തമായ സംവിധാനമാണ് അവിടെയുള്ളത്. അതിനാൽ അവിടെ വോട്ട് ഷെയർ ഉയർന്നതായും മോദി ചൂണ്ടിക്കാട്ടി.
Discussion about this post