കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പമാണ് സ്ഥലം സന്ദർശിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി അദ്ദേഹം സന്ദർശിച്ചു. ഡോക്ടർമാരുമായും ഗവർണർ സംസാരിച്ചു. എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സ്ഥിതിഗതികൾ വിലയിരുത്തിയെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ഗവർണർ പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും അപകടസ്ഥലം സന്ദർശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു. മുഖ്യമന്ത്രി മമതാ ബാനർജിയും അപകടസ്ഥലം സന്ദർശിച്ചു.
ബംഗാളിലെ ജൽപായ്ഗുരിയിലാണ് ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ എട്ട് പേർ മരിച്ചെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്റെ പിൻവശത്തേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ബംഗാളിലെ രംഗപാണി സ്റ്റേഷന് സമീപം രാവിലെ 8.45ഓടെയായിരുന്നു സംഭവം.
Discussion about this post