ന്യൂഡൽഹി: സുതാര്യവും സുഗമവും നീതിയുക്തവുമായി ദേശീയ പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.
ദേശീയ പരീക്ഷാ ഏജൻസിയുടെ നടത്തിപ്പ്, ഘടന, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോൾ, പരീക്ഷാ നടത്തിപ്പ് എന്നിവ വിശദമായി പരിശോധിച്ച് ഏജൻസിക്ക് ആവശ്യമായ പരിഷ്കരണങ്ങൾ സംബന്ധിച്ച ശുപാർശ നൽകുന്നതിനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണനാണ് ഏഴംഗ സമിതിയുടെ അദ്ധ്യക്ഷൻ. ഡോ. രൺധീപ് ഗുലേറിയ, ഫ്രൊഫ. ബി.ജെ റാവു, പ്രൊഫ. രാമമൂർത്തി കെ., പങ്കജ് ബൻസാൽ, ആദിത്യ മിത്തൽ, ഗോവിന്ദ് ജയ്സ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ദേശീയ പരീക്ഷാ ഏജൻസിക്ക് കീഴിലുള്ള NEET-NET പരീക്ഷകളുടെ നടത്തിപ്പിൽ ക്രമക്കേടുകൾ സംഭവിച്ചതായും ചോദ്യപേപ്പർ ചോർന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നീക്കം. UGC-NET പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post