ഗാസിപ്പൂര്‍(ഉത്തര്‍പ്രദേശ്): ഏത് പ്രതിസന്ധിയില്‍ മാതൃഭൂമിയോടുള്ള സ്‌നേഹവും സമര്‍പ്പണവും കൈവിടാത്തവരാണ് ഭാരതീയരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമുക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ രാഷ്ട്രമാതാവിനോടുള്ള അതിരില്ലാത്ത സ്‌നേഹം കൊണ്ട് നമ്മള്‍ അവയെ അതിജീവിക്കും, അദ്ദേഹം പറഞ്ഞു. ധീര സൈനികന്‍ പരമവീരചക്ര അബ്ദുള്‍ ഹമീദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മേരെ പപ്പാ പരംവീര്‍’ എന്ന പുസ്തകം ഗാസിപൂരിലെ ധമുപൂരില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരബലിദാനി അബ്ദുള്‍ ഹമീദിന്റെ മകന്‍ സെയ്‌നുള്‍ ഹസന്റെ വിവരണങ്ങളെ ആധാരമാക്കി രാമചന്ദ്രന്‍ ശ്രീനിവാസനാണ് പുസ്തകം രചിച്ചത്.
പരംവീര്‍ ചക്ര ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പുസ്തക പ്രകാശനത്തിന് മുന്നോടിയായി സര്‍സംഘചാലക് അദ്ദേഹത്തിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ 1965 ലെ ഭാരത-പാകിസ്ഥാന്‍ യുദ്ധത്തിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധങ്ങളിലൊന്നായ അസല്‍ ഉത്തര്‍ യുദ്ധത്തിലാണ് സാഹസികനായ അബ്ദുള്‍ ഹമീദ് വീരമൃത്യു വരിച്ചതെന്ന് ഡോ. മോഹന്‍ ഭാഗവത് അനുസ്മരിച്ചു. പാക് ടാങ്കുകളെ തകര്‍ത്തതിന് ശേഷമാണ് അദ്ദേഹം ജീവന്‍ സമര്‍പ്പിച്ചത്. അദ്ദേഹം രാജ്യത്തിന് വേണ്ടി സര്‍വവും ത്യജിച്ചുവെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.ലോകമാകെ വലിയ പ്രതീക്ഷകളോടെ ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണ്. സശക്തവും വികസിതവുമായ ഭാരതത്തിന്റെ മുന്നേറ്റത്തിന് നമ്മുടെ മാതൃഭൂമിയുടെ പുരാതനവും സമ്പന്നവുമായ സംസ്‌കാരത്തില്‍ നിന്നും പൂര്‍വികരുടെ ആദര്‍ശങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം. ഒരു വ്യക്തിയുടെ ജീവിതം കുടുംബം, സമൂഹം, ഗ്രാമം എന്നിവയ്ക്കായി സമര്‍പ്പിക്കുക വഴിയാണ് രാഷ്ട്രത്തിന്റെ പുരോഗതിയില്‍ പങ്കാളിയാകുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
Discussion about this post