കൊല്‍ക്കത്ത: മതംമാറ്റത്തിന് പരസ്യമായി ആഹ്വാനം ചെയ്ത് തൃണമൂല്‍ മന്ത്രി. ഇസ്ലാമില്‍ ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാരാണെന്നും എല്ലാവരെയും ഇസ്ലാമിലേക്ക് മാറ്റുന്നത് അള്ളാഹുവിന് പ്രിയപ്പെട്ട കാര്യമാണെന്നുമാണ് കൊല്‍ക്കത്ത മേയറും ബംഗാള്‍ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കിമിന്റെ പരാമര്‍ശം. മതംമാറ്റത്തിന് ആഹ്വാനം ചെയ്ത മന്ത്രിക്കെതിരെ ബംഗാളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കൊല്‍ക്കത്തയിലെ ധോനോ ധോന്യോ സ്റ്റേഡിയത്തില്‍ ആള്‍ ഇന്ത്യ ഖുറാന്‍ കോംപറ്റീഷന്‍ ഉദ്ഘാടനം ചെയ്താണ് ബോബി ഹക്കിം എന്ന ഫിര്‍ഹാദ് ഹക്കിമിന്റെ വിവാദ പ്രസംഗം. ബംഗാളിലെ നഗരവികസന, മുനിസിപ്പല്‍ കാര്യമന്ത്രിയാണിയാള്‍.
ഇസ്ലാമിനൊപ്പം ജനിക്കാത്തവര്‍ നിര്‍ഭാഗ്യത്തോടെയാണ് ജനിച്ചതെന്നും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിലൂടെ അത് അല്ലാഹുവിനെ പ്രസാദിപ്പിക്കുമെന്ന് തൃണമൂല്‍ എംപി പറഞ്ഞു. ഇത്തരം ചടങ്ങുകള്‍ അമുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം. ഇസ്ലാമിനൊപ്പം ജനിക്കാന്‍ അള്ളാഹു കാരുണ്യം നല്കാത്തവരെ സ്വര്‍ഗത്തിലേക്ക് നയിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് ഫിര്‍ഹാദ് ഹക്കിം സംഘാടകരെ ആഹ്വാനം ചെയ്തു.
മന്ത്രിയുടെ പ്രസംഗം പുറത്തുവന്നതോടെ ബംഗാളില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. മന്ത്രിയുടെ പ്രസംഗത്തിനെതിരെ ജനകീയ പോരാട്ടം നടത്തുമെന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു. തികഞ്ഞ വര്‍ഗീയവാദിയാണ് മന്ത്രി. ഇത്തരക്കാരെ മമതാ ബാനര്‍ജി സംരക്ഷിക്കുകയാണെന്ന് സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി.
ഫിര്‍ഹാദ് ഹക്കിമിന്റെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു. മന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത്തരം അഭിപ്രായങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തത്ത്വങ്ങളെയാണ് ദുര്‍ബലപ്പെടുത്തുന്നത്.
പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് താന്‍ ദുര്‍ഗാപൂജ ചെയ്യുന്ന മുസ്ലീമാണെന്ന വാദവുമായി ഹക്കീം രംഗത്തെത്തി.
Discussion about this post