ന്യൂഡൽഹി:രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാ ദിനം) ആണെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
1975 ജൂൺ 25നായിരുന്നു ഇന്ദിരാഗാന്ധി നയിക്കുന്ന കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങൾ നിരവധി അതിക്രമങ്ങൾക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇത്തരം അധികാര ദുർവിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ പ്രതികരിച്ചു.
Discussion about this post