അൽവാർ (രാജസ്ഥാൻ): തൊട്ടു കൂടായ്മയെ സമ്പൂർണമായും തുടച്ചു നീക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ധർമ്മത്തെ മറന്ന് സ്വാർത്ഥം ജീവിത ശൈലിയാക്കിയത് മൂലമാണ് ഉച്ചനീചഭാവനകൾ വർധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പൂർണമായും ഇല്ലാതാക്കണം. സംഘത്തിൻ്റെ പ്രവർത്തനം കൊണ്ട് അത് സാധ്യമാക്കണം. ക്ഷേത്രങ്ങളും വെള്ളവും ശ്മശാനങ്ങളും എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാവണം. സമൂഹത്തിൻ്റെ മനസിൽ ഇതിന് അനുകൂലമായ മാറ്റം ഉണ്ടാക്കണം, സർസംഘചാലക് പറഞ്ഞു. അൽവാർ ഇന്ദിര ഗാന്ധി ഗ്രൗണ്ടിൽ ചേർന്ന ആർഎസ്എസ് അൽവാർ നഗർ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക സമരസത, പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം, സ്വദേശി, പൗരധർമ്മം തുടങ്ങിയ അഞ്ച് വിഷയങ്ങൾ ജീവിതത്തിൽ സ്വീകരിക്കാൻ സ്വയംസേവകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോരുത്തരും ഈ കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കുമ്പോൾ സമൂഹവും അത് പിന്തുടരും. സംഘപ്രവർത്തനം നൂറാം വർഷത്തിലേക്ക് കടക്കുകയാണ്. മാറ്റമില്ലാതെ തുടരുന്ന ഈ പ്രവർത്തന ശൈലിക്ക് പിന്നിലെ ആദർശം എല്ലാവരും ഉൾക്കൊള്ളണം. രാഷ്ട്രത്തെ പരമ വൈഭവശാലിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇത് ഹിന്ദു രാഷ്ട്രമാണെന്ന് നിത്യവും പ്രാർത്ഥനയിൽ സ്വയംസേവകർ ചൊല്ലുന്നു. രാഷ്ട്രം നന്നാവുമ്പോൾ ഹിന്ദു ജീവിതത്തിൻ്റെ മഹത്വമാണ് വിളംബരം ചെയ്യുന്നത്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, അതും ഹിന്ദു സമാത്തിൻ്റെ മേൽ ആരോപിക്കും. കാരണം ഹിന്ദു ഈ രാഷ്ട്രത്തെ നയിക്കുന്ന ആദർശമാണ്, മോഹൻ ഭാഗവത് പറഞ്ഞു.
രാഷ്ട്രത്തെ സമൃദ്ധിയിലേക്കുയർത്താൻ കഠിനമായ പ്രയത്നം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി മുഴുവൻ സമൂഹത്തെയും സമർത്ഥമാക്കണം. ഹിന്ദു ധർമ്മം വാസ്തവത്തിൽ മാനവധർമ്മം തന്നെയാണ്. ഇത് ലോകത്തിൻ്റെയാകെ ക്ഷേമം ആഗ്രഹിക്കുന്നു. ഹിന്ദു എന്നാൽ ലോകത്തിലെ ഏറ്റവും ഉദാരമനസ്കനായ, എല്ലാം അംഗീകരിക്കുന്ന മനുഷ്യൻ എന്നാണ് അർത്ഥമാക്കുന്നത്. എല്ലാവരോടും നല്ല മനസോടെ പെരുമാറുന്നവൻ. ശക്തരായ പൂർവികരുടെ പിൻഗാമിയാണ് അവൻ. ജാതിയോ വിശ്വാസങ്ങളോ ആരാധനാ രീതികളോ ഭാഷയോ പ്രദേശമോ ഏതുമാകട്ടെ നമ്മെ നയിക്കുന്ന മൂല്യങ്ങൾ, സംസ്കാരം ഒന്നാണ്. അതിൻ്റെ പേരാണ് ഹിന്ദു, മോഹൻ ഭാഗവത് പറഞ്ഞു.
ആർഎസ്എസ് എന്താണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. നേരത്തെ ആരും സംഘത്തിൽ വിശ്വസിച്ചിരുന്നില്ല. ഇന്ന് സ്ഥിതി മാറി. എതിർക്കുന്നവർ പോലും വാക്കുകൾ കൊണ്ട് മാത്രം എതിർക്കുന്നവരാണ്. അവരുടെ ഹൃദയത്തിലും സംഘത്തോട് യോജിപ്പാണുള്ളത്. രാഷ്ട്രത്തിൻ്റെ സർവതോന്മുഖമായ പുരോഗതിക്കായി ഹിന്ദു ധർമ്മത്തെയും ഹിന്ദു സംസ്കാരത്തെയും ഹിന്ദു സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നത് നമ്മുടെ പ്രതിജ്ഞയാണ്.
പരിസ്ഥിതി സംരക്ഷണത്തിന് ചെയ്യേണ്ടതെന്തും സ്വയംസേവകർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം സംരക്ഷിച്ചും, മരങ്ങൾ നട്ടുപിടിപ്പിച്ചും, വീടിനെ ഹരിതഗൃഹമാക്കിയും പച്ചപ്പും, പൂന്തോട്ടവും നിർമ്മിച്ചും സാമൂഹികമായി വനവത്കരണം നടത്തിയും നമ്മൾ ഇത് ചെയ്യണം.
ഭാരതത്തിൽ പോലും കുടുംബ മൂല്യങ്ങൾ ഭീഷണിയിലാണ്. മാധ്യമങ്ങളുടെ ദുരുപയോഗം മൂലം പുതിയ തലമുറ അതിൻ്റെ മൂല്യങ്ങൾ അതിവേഗം മറക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ആഴ്ചയിൽ ഒരിക്കലെങ്കിലും നിശ്ചിത സമയത്ത് ഒരുമിച്ച് ഇരിക്കണം. നാമജപം മുതൽ സമാജ കാര്യങ്ങളുടെ ചർച്ച വരെ വീടിനുള്ളിലും നടക്കണം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം ഒരുമിച്ച് കഴിക്കണം.
സ്വദേശി മുതൽ ആത്മാഭിമാനം വരെ വീട്ടിൽ നിന്ന് ഉണരേണ്ട ഭാവമാണ്. രാജ്യത്തെ പൗരന്മാരെന്ന നിലയിൽ സാമൂഹിക അച്ചടക്കവും പൗര ബോധവും കടമയാണെന്ന ധാരണ നമുക്കുണ്ടാകണം, സർസംഘചാലക് പറഞ്ഞു.
Discussion about this post