ന്യൂഡൽഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ എപി സിംഗ് അധികാരമേറ്റു. 2023 ഫെബ്രുവരി മുതൽ അദ്ദേഹം വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്.
1984 ലാണ് എപി സിംഗ് ഫൈറ്റർ പൈലറ്റ് സ്ട്രീമിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. ഏകദേശം 40 വർഷത്തോളം നീണ്ട സൈനിക സേവനത്തിൽ, വിവിധ കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ, വിദേശനിയമന മേഖലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഫിക്സഡ്, റോട്ടറി-വിംഗ് വിമാനങ്ങൾ 5,000 മണിക്കൂറിലധികം പറത്തി അനുഭവസമ്പത്തുള്ള ഫ്ലയിംഗ് ഇൻസ്ട്രക്ടറും ഒരു എക്സ്പീരിമെന്റൽ ടെസ്റ്റ് പൈലറ്റുമാണ് എപി സിംഗ് .
എയർ സ്റ്റാഫ് വൈസ് ചീഫ് ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, അദ്ദേഹം സെൻട്രൽ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ‘പരം വിശിഷ്ട സേവ’ മെഡൽ, ‘അതി വിശിഷ്ട സേവ’ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Discussion about this post