നാഗ്പൂർ: കുറ്റകൃത്യങ്ങളിൽ നീതി വൈകുന്നത് ശരിയല്ലെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. രാജ്യത്തിൻ്റെ ന്യായവ്യവസ്ഥയ്ക്ക് എഴുപത്തഞ്ചാണ്ടാകുന്ന അമൃതോത്സവ വേളയിൽ നീതിയുടെ അമൃതകുംഭം രാഷ്ട്രത്തിന് പ്രദാനം ചെയ്യാൻ വേണ്ട പരിഷ്കരണങ്ങൾ ഉണ്ടാകണം. രേശിംഭാഗിൽ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ശാന്തകുമാരി.
ബംഗാളിൽ സ്ത്രീകൾക്കെതിരായ മനുഷ്യത്വരഹിതമായ അക്രമങ്ങളാണ് നടന്നത്. ഒരു വനിത തന്നെ മുഖ്യമന്ത്രിയായിട്ടും അക്രമികളെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്. അജ്മീർ ദർഗയിൽ നിരപരാധികളായ ഹിന്ദു പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മുപ്പതാണ്ടിന് ശേഷമാണ് നീതിയുടെ ഇടപെടലുണ്ടായതെന്ന് പ്രമുഖ സഞ്ചാലിക ചൂണ്ടിക്കാട്ടി. മുന്നൂറ് വർഷം മുമ്പ് ജനിച്ച അഹല്യ ബായി ഹോൾക്കർ മാൾവ ഭരിക്കുമ്പോൾ വിധവകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ നിയമപരിഷ്കരണം നടത്തിയത് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.
ദേവി ദുർഗ സംയമി മാത്രമല്ല രൗദ്രദേവതയുമാണെന്ന് സ്ത്രീകൾ തിരിച്ചറിയണം. ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകൾ അത് മനസിലാക്കിയപ്പോഴാണ് അവിടെ അക്രമം നിലച്ചത്. ദുർഗാ പൂജയുടെ കാലത്ത് സുശീലയും സുധീരയും സമർത്ഥയുമായ ദേവീ സങ്കല്പത്തെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്, ശാന്തകുമാരി പറഞ്ഞു.
സ്വദേശിഭാവന ജീവിതത്തിലുടനീളം നിറയണം. സ്വദേശി ചിന്ത എന്നത് ഹിന്ദു ചിന്ത തന്നെയാണ്. അതിലൂടെ ഭാരതീയജീവിതത്തിൻ്റെ മഹത്വത്തെ അറിഞ്ഞ് ആർജിക്കണം. പുതിയ തലമുറയുടെ കാഴ്ചപ്പാടിനെ ഇത്തരത്തിൽ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം കുടുംബങ്ങളിൽ നിന്ന് നിർവഹിച്ചു തുടങ്ങണം. ജീവിത മൂല്യങ്ങളെയും പവിത്രമായ രാഷ്ട്രസംസ്കൃതിയെയും ശീലമാക്കുന്ന തലമുറയെ വാർത്തെടുക്കാൻ കഴിയണമെന്ന് ശാന്തകുമാരി പറഞ്ഞു.
Discussion about this post