ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുര്‍ഗാ വിഗ്രഹ നിമജ്ജനയാത്രയ്‌ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. മൃതദേഹത്തിന് നേരെയും കല്ലേറ്. ഇരുപത്തിരണ്ടുകാരനായ രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുസംഘടനാപ്രവര്‍ത്തകനാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രതികളെന്ന് കരുതുന്ന അബ്ദുള്‍ ഹമീദ്, സര്‍ഫറാസ്, ഫഹീം, സാഹിര്‍ ഖാന്‍ എന്നിവരടക്കം മുപ്പത് പേരെ ബഹ്‌റൈച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബഹ്‌റൈച്ചിലെ മഹ്സി ഹാര്‍ദി ഏരിയയില്‍ മഹാരാജ്ഗഞ്ച് പട്ടണത്തിനടുത്തുള്ള റെഹുവ മന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം. രാം ഗോപാല്‍ മിശ്രയെ ഒരു വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തെത്തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. രാംശങ്കര്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലെത്തി. കടകള്‍ക്കും മറ്റും നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ലാത്തിവീശി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ബഹ്റൈച്ച് ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി എഎന്‍ഐയോട് പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷപ്രദേശമായ റഹുവ മന്‍സൂറിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോള്‍ പൊടുന്നനെ കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്ന് ബഹ്റൈച്ച് പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. തുടര്‍ന്ന് സംഘര്‍ഷത്തിനിടെ ഘോഷയാത്രയിലേക്ക് ആരോ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് വൃന്ദ ശുക്ല പറഞ്ഞു.
ബഹ്‌റൈച്ചിലെ സാഹചര്യങ്ങള്‍ മോശമാക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അക്രമികളെയും അരാജകത്വം സൃഷ്ടിക്കുന്നതിന് ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശിക്ഷിക്കും. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് തുടരും. അതെല്ലാം ആചാരപരമായി, കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കം നിര്‍ദേശം നല്കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും ഇരകള്‍ക്ക് സമ്പൂര്‍ണനീതിയും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിന്റെ സമാധാനം തകര്‍ക്കാനുള്ള ഒരു ഗൂഢാലോചനയും വിജയിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അക്രമികളെ സംരക്ഷിക്കുന്നവര്‍ വീണ്ടും സജീവമാകുകയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
Discussion about this post