ന്യൂദല്‍ഹി: ഭാരതത്തിന് ഇനി ഭാരതത്തിന്‍റേതായ പുതിയ നീതിദേവത. ഈ നീതിദേവത കൊളോണിയല്‍ കാലത്തെ ബ്രിട്ടീഷ് നീതി ദേവതയുടേത് പോലെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടില്ല. അതുപോലെ ബ്രിട്ടീഷ് നീതി ദേവതയുടെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്. പുതിയ ഭാരതത്തിലെ നീതിദേവതയ്‌ക്ക് വാളിന് പകരം ഭരണഘടനാപുസ്തകമാണ് കയ്യിലേന്തുക. അതായത് തനി ഭാരീതയ ദേവിയുടെ രൂപത്തിലുള്ള കണ്ണ് കെട്ടാത്ത, ഭരണഘടനാപുസ്തകം കയ്യിലേന്തിയ പ്രതിമയാണ് ഇനി ഭാരതത്തിലെ നീതി ദേവതയാവുക. നേരത്തെ ബ്രിട്ടീഷുകാര്‍ എഴുതിയ നിയമപുസ്തകത്തില്‍ സമഗ്രമാറ്റം വരുത്തി ഇന്ത്യന്‍ ശിക്ഷാനിയമം പോലുള്ള ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളെ ഭാരതീയ ന്യായസംഹിത എന്ന പേരില്‍ മോദി സര്‍ക്കാര്‍ മാറ്റിയെഴുതിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഭാരതീയ ന്യായസംഹിത പ്രകാരമാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നത്.
ബ്രിട്ടീഷുകാര്‍ സങ്കല്‍പിച്ചുണ്ടാക്കിയ നീതി ദേവതയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയത് നീതി ദേവത ഒരു ബാഹ്യസ്വാധീനങ്ങളും കണക്കിലെടുക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സ്വതന്ത്രമായി നീതി നല്‍കും എന്ന സങ്കല്‍പത്തിലാണ്. അതായത് കുറ്റം ചെയ്തവരുടെ സമ്പത്തോ, അധികാരപദവികളോ കണക്കിലെടുക്കാതെ നീതിയുടെ ദേവത നീതി നല്‍കും എന്നതാണ് സങ്കല്‍പം. അനീതിയെ വെട്ടിവീഴ്‌ത്താനാണ് നീതി ദേവതയുടെ കൈകകളില്‍ ബ്രിട്ടീഷുകാര്‍ വാള്‍ നല്‍കിയത്.
നീതി ദേവത മാറണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. നീതി നല്‍കാന്‍ ഇനി കണ്ണുമൂടിക്കെട്ടേണ്ടെന്ന് ചന്ദ്രചൂഡ് പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യുന്നു. “നീതി ദേവതയുടെ കൈകകളില്‍ വാളിന് പകരം ഭരണഘടനാപുസ്തകം മതി. കാരണം വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. കോടതി ഭരണഘടനയനുസരിച്ചാണ് നീതി നല്‍കേണ്ടത്.”- ചന്ദ്രചൂഡ് പറഞ്ഞതായി പറയുന്നു. പുതിയ ഭാരതീയ നീതി ദേവത കണ്ണു കെട്ടാതെ തന്നെ നീതി കാണുന്നവള്‍ ആണ്.
സുപ്രീംകോടതിയുടെ ലൈബ്രറിയില്‍ പുതിയ നീതി ദേവതയെ സ്ഥാപിച്ചത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ്. ബ്രിട്ടീഷ് കാലത്തെ പാരമ്പര്യത്തില്‍ നിന്നും ഭാരതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
Discussion about this post