ന്യൂദല്‍ഹി: ദല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് മുന്നില്‍ സിഖ് സംഘടനകളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. യഥാര്‍ത്ഥ സിഖുകാര്‍ക്ക് ഒരിക്കലും ഖാലിസ്ഥാനി ആവാനാവില്ലെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് സിഖുകാര്‍ അണിനിരന്ന പ്രകടനം പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഹിന്ദു സിഖ് ഗ്ലോബല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന ഖാലിസ്ഥാനി അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ചാണക്യപുരിയിലെ കനേഡിയന്‍ ഹൈക്കമ്മിഷന്‍ ഓഫീസിലേക്ക് വലിയ പ്രതിഷേധ മാര്‍ച്ച് നടന്നത്. ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് വലിയ സുരക്ഷയൊരുക്കി ദല്‍ഹി പോലീസ് പ്രകടനം തടഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി.
ഖാലിസ്ഥാനി ഭീകരവാദം ഒരു തലമുറയെ മുഴുവന്‍ തകര്‍ത്തതാണെന്നും ഇനി ഇതനുവദിക്കില്ലെന്നും ഹിന്ദു സിഖ് ഗ്ലോബല്‍ ഫോറം പ്രസിഡന്റ് തര്‍വീന്ദര്‍ സിങ് മാര്‍വ പറഞ്ഞു.
ഖാലിസ്ഥാന്‍ ഭീകരവാദികളായി നടന്നവര്‍ പലരും കൊല്ലപ്പെട്ടു. ചിലര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി. കുടിയേറിയവരില്‍ ചിലരാണ് മയക്കുമരുന്നുകള്‍ രാജ്യത്തേക്ക് എത്തിച്ച് ഞങ്ങളുടെ പുതിയ തലമുറയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭാരതത്തിലെ സിഖുകാര്‍ ഭാരതത്തിനൊപ്പമാണെന്നും ഖാലിസ്ഥാനികളെ പിന്തുണയ്‌ക്കില്ലെന്നും തര്‍വിന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
Discussion about this post