ഗുരുഗ്രാം(ഹരിയാന): വികസനത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാട് സമഗ്രവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വികസനത്തിന്റെ പാശ്ചാത്യ ആശയം പ്രകൃതിയെ കീഴടക്കുന്നതാണ്. അതുകൊണ്ടാണ് പാശ്ചാത്യ മാതൃകകള്‍ പരിസ്ഥിതിയെയും നശിപ്പിക്കുന്നത്. ലോകത്തിന് പിന്തുടരാന്‍ കഴിയുന്ന ഭാരതീയ മാതൃകകള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുരുഗ്രാമിലെ എസ്ജിടി സര്‍വകലാശാലയില്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ യുവ വിഭാഗം സംഘടിപ്പിച്ച ത്രിദിന ദേശീയ ഗവേഷക സമ്മേളനം, വിവിഭ-2024: വിഷന്‍ ഫോര്‍ വികസിത് ഭാരത് ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമില്ലാതെ വികസനം സാധ്യമല്ല, ഈ വിദ്യാഭ്യാസം ഭാരത കേന്ദ്രിതമായിരിക്കണം. ലോകമെമ്പാടുമുള്ള നല്ല ആശയങ്ങള്‍ സ്വീകരിക്കാം, പക്ഷേ ഒരിക്കലും അന്ധമായി അനുകരിക്കരുത്. ഭാരതീയ വിജ്ഞാന സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഗവേഷണത്തിന് യുവാക്കളെ പ്രേരിപ്പിക്കേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തില്‍ വരുന്ന 25 വര്‍ഷങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥ് പറഞ്ഞു. വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിന് ഗവേഷണം വളരെ പ്രധാനമാണ്, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്, കൃഷി, ആരോഗ്യ മേഖലകള്‍ എന്നിവയ്ക്ക് പുറമെ നിരവധി മേഖലകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഗവേഷണം വേണം. നമ്മള്‍ ഇന്ന് ചന്ദ്രനെ സ്പര്‍ശിച്ചു, ഭാവിയില്‍ ചൊവ്വയിലും ശുക്രനിലും മറ്റ് ഗ്രഹങ്ങളിലും ദൗത്യങ്ങള്‍ നടത്തും. വിജയത്തിന്റെ ഈ വഴി തെളിയുന്നത് ഗവേഷണത്തിലൂടെയാണ്, അദ്ദേഹം പറഞ്ഞു.
വിവിഭ 2024 ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ഒരു യജ്ഞത്തിന്റെ തുടക്കമാണെന്ന് നൊബേല്‍ സമ്മാന ജേതാവ് ഡോ. കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു. വ്യക്തിത്വ വികസനം, സാമൂഹിക വികസനം, സാര്‍വത്രിക വികസനം എന്നിവ ഉള്‍പ്പെടുന്ന ഭാരതീയ വികസന സങ്കല്‍പ്പമാണ് നാം പിന്തുടരേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ദേശീയ അധ്യക്ഷന്‍ ഡോ. സച്ചിദാനന്ദ് ജോഷി, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സ് പ്രസിഡന്റും എസ്ജിടി സര്‍വകലാശാലാ ചാന്‍സലറുമായ പദ്മശ്രീ രാംബഹദൂര്‍ റായ്, മധ്യപ്രദേശ് പ്രൈവറ്റ് യൂണിവേഴ്സിറ്റി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ഭരത് ശരണ്‍ സിംഗ്, നിരവധി യൂണിവേഴ്സിറ്റികളുടെ വൈസ് ചാന്‍സലര്‍മാര്‍, സ്ഥാപന മേധാവികള്‍, പ്രൊഫസര്‍മാര്‍. ഗവേഷകര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സമ്മേളനം 17ന് സമാപിക്കും.
Discussion about this post