ന്യൂദല്‍ഹി: ബംഗ്ലാദേശിലെ തീ കൂടുതല്‍ പടര്‍ത്തരുതെന്ന് മനുഷ്യാവകാശദിനത്തില്‍ നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ത്ഥി ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഭരണാധികാരി, സമാധാന നൊബേല്‍ ജേതാവ് ജേതാവ് എന്നീ നിലകളില്‍ മുഹമ്മദ് യൂനസിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിറവേറ്റിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ മറ്റ് പല രാജ്യങ്ങളെയും വിഴുങ്ങുമെന്നും കൈലാസ് സത്യാര്‍ത്ഥി ഓര്‍മ്മിപ്പിച്ചു..
ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ഇതെല്ലാം അന്താരാഷ്‌ട്രതലത്തില്‍ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനും സാഹചര്യം എത്രയും വേഗം മെച്ചപ്പെടുത്താനും യൂനസ് തയാറാവണം.
പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ഒന്നായിക്കണ്ട് അവരെ അഭിസംബോധന ചെയ്യേണ്ടത് ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ യൂനസ് കൈക്കൊള്ളണം.
നാല് പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശിലെ കുട്ടികളുടെ വിദ്യാഭ്യാസ, അവകാശ വിഷയങ്ങളില്‍ നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുമായി ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ ആക്രമണങ്ങള്‍ കാരണം, എണ്ണമറ്റ ആളുകള്‍ ഭയത്തിലാണ് ജീവിക്കുന്നത്.
ദക്ഷിണേഷ്യന്‍ മേഖലയില്‍ എവിടെയും നടക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനങ്ങളും നമ്മുടെ മനഃസാക്ഷിക്ക് നേരെയുള്ള ആക്രമണമാണ്. ഇത് എത്രയും വേഗം അവസാനിപ്പിക്കണം. ഇസ്‌കോണ്‍ സംന്യാസി പ്രഭു ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്, സത്യാര്‍ത്ഥി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post