ന്യൂദല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ആയിരങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന പ്രതിഷേധം. ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കിടയിലും ഇന്ദ്രപ്രസ്ഥ വീഥിയില്‍ അവര്‍ ഒന്നിച്ചുയര്‍ത്തിയത് ഐക്യദാര്‍ഢ്യത്തിന്റെ സമര കാഹളം. ലോകത്തിനു മുഴുവന്‍ മംഗളം ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചവരുടെ പിന്മുറക്കാര്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ ദല്‍ഹിയില്‍ ജനരോഷമിരമ്പി.
ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി. ലോക മനുഷ്യാവകാശ ദിനത്തില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷനിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഇരുനൂറിലേറെ മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ക്കൊപ്പം ദല്‍ഹിയിലെ പൊതുസമൂഹവും അണിചേര്‍ന്നു. സംന്യാസിവര്യന്മാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഹൈന്ദവ സംഘടനാ ഭാരവാഹികളും നയിച്ചു.
ബംഗ്ലാഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ അന്താരാഷ്‌ട്ര സംഘടനകള്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തസാധ്വി ഋതംഭര ചോദിച്ചു. ഹിന്ദുസമൂഹത്തിന്റെ ക്ഷമ ബലഹീനതയായി കരുതരുത്. ലാളിത്യത്തെയും നിഷ്‌കളങ്കതയെയും ഭീരുത്വമായി കാണരുത്. സ്ത്രീകളെ അനാദരിക്കുന്നത് ഹിന്ദുസമൂഹം പൊറുക്കില്ല. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ ലോകത്തെവിടെയായാലും ഒറ്റക്കെട്ടായി അതിനെതിരേ ശബ്ദമുയര്‍ത്തണം. അതിക്രമങ്ങള്‍ തടയാന്‍ ഭാരതം ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം, ഋതംഭര ആവശ്യപ്പെട്ടു.
ഇസ്‌കോണ്‍ ആചാര്യന്‍ കേശവ് മുരാരി, ഇന്ത്യ സെന്‍ട്രല്‍ ഏഷ്യ ഫൗണ്ടേഷന്‍ ഡയറക്ടര്‍ രമാകാന്ത് ദ്വിവേദി, ബംഗ്ലാദേശ് മുന്‍ ഭാരത ഹൈക്കമ്മിഷണര്‍ വീണ സിക്രി, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത്ത് ഗാംഗുലി എംപി, മുന്‍ ദല്‍ഹി പോലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവ, ബുദ്ധമത ആത്മീയ നേതാവ് രാഹുല്‍ ഭാന്തെ, സുപ്രീംകോടതി അഭിഭാഷക പ്രിയദര്‍ശിനി, നടനും സാമൂഹിക പ്രവര്‍ത്തകനുമായ രുദ്രനില്‍ ഘോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കമ്മിഷണര്‍ക്കു നിവേദനം സമര്‍പ്പിച്ചു. തീന്‍മൂര്‍ത്തി ചൗക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് തടഞ്ഞു.
Discussion about this post