അമരാവതി(മഹാരാഷ്ട്ര): അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ ധര്‍മ്മസംരക്ഷണം സാധ്യമാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആചരിക്കാത്തവര്‍ക്ക് ധര്‍മ്മം മനസിലാകണമെന്നില്ല. സ്വയം വിജ്ഞാനികളെന്ന് നടിക്കുന്ന അല്പജ്ഞാനികള്‍ക്ക് അറിവ് പകരാന്‍ ബ്രഹ്‌മാവിന് പോലും സാധിക്കില്ല, അദ്ദേഹം പറഞ്ഞു. അമരാവതി മഹാനുഭാവ് ആശ്രമത്തിലെ ശതകപൂര്‍ത്തി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ധര്‍മ്മരക്ഷയ്ക്കായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ചാഞ്ചല്യമില്ലാതെ, ശരിയായ ധാരണയോടെ, നിശ്ചയദാര്‍ഢ്യത്തോടെ ആ പ്രവര്‍ത്തനം സംഘം മുന്നോട്ടുകൊണ്ടുപോവുന്നു, സര്‍സംഘചാലക് പറഞ്ഞു. ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മാനവികതയെ സേവിക്കുകയും നയിക്കുകയും ചെയ്യുക എന്നതാണ്, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കലല്ല. ധര്‍മ്മത്തെക്കുറിച്ചുള്ള അപൂര്‍ണമായ അറിവ് അനീതിയിലേക്ക് നയിക്കും. ധര്‍മ്മം എപ്പോഴും നിലനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അതിനെ സനാതനം എന്ന് വിളിക്കുന്നത്.
ധര്‍മ്മമെന്തെന്ന് അറിഞ്ഞ് അത് ആചരിക്കണം. മതതത്വങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതുകാരണമാണ് ലോകത്തെവിടെയും മതത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക ചിന്ത അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. പരസ്പര ധാരണയുടെയും ഐക്യത്തിന്റെയും ശാശ്വത മനോഭാവമാണ് നമ്മുടെ ആചാര്യന്മാര്‍ പകര്‍ന്നത്. മഹാനുഭാവ പ്രസ്ഥാനം ആ ധാരയുടെ തുടര്‍ച്ചയാണ്, അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംന്യാസിമാര്‍, രാജ്യസഭാ എംപി ഡോ. അനില്‍ ബോണ്ടെ, മുന്‍ എംപി നവനീത് റാണ, പ്രവീണ്‍ പോട്ടെ പാട്ടീല്‍, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post