ന്യൂദൽഹി : രാംലല്ല വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 11 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ ഒരുക്കും. രാം ലല്ല വിഗ്രഹത്തിന്റെ ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന ചടങ്ങാണ് നടക്കാൻ പോകുന്നത്.
“അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീ രാം ലല്ലയുടെ ശ്രീ വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ ഒന്നാം വാർഷികം 2025 ജനുവരി 11 ന് ആഘോഷിക്കും. ഇതിനെ പ്രതിഷ്ഠാ ദ്വാദശി എന്ന് വിളിക്കും,” -ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര അധികൃതർ എക്സിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഈ വർഷം ജനുവരി 22നാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്.
ജനുവരി 11 ന് ശുക്ല യജുർവേദത്തിലെ മന്ത്രങ്ങളോടെയുള്ള അഗ്നിഹോത്രത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും രണ്ട് പ്രാവശ്യം ഈ ചടങ്ങ് നടക്കും. തുടർന്ന് രാമരക്ഷാ സ്തോത്രത്തിന്റെയും ഹനുമാൻ ചാലിസയുടെയും പാരായണത്തോടൊപ്പം 6 ലക്ഷം ശ്രീരാമമന്ത്രം ജപിക്കും. ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ രാഗസേവയും തുടർന്ന് 6 മണിക്ക് അഭിനന്ദന ഗാനവും സംഘടിപ്പിക്കും.
അതുപോലെ ക്ഷേത്രത്തിന്റെ കൺവീനിയൻസ് സെൻ്ററിന്റെ ഒന്നാം നിലയിൽ സംഗീത മനസ് പാരായണം നടക്കും. ക്ഷേത്രപരിസരത്തിനുള്ളിലെ ‘അംഗദ് തില’യിൽ ഒരു രാമകഥയും തുടർന്ന് പ്രഭാഷണവും സാംസ്കാരിക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഭക്തർക്കുള്ള പ്രസാദവിതരണം രാവിലെ മുതൽ ആരംഭിക്കുന്നതാണ്.
Discussion about this post