ഇൻഡോർ: സമൃദ്ധ ഭാരതം ലക്ഷ്യമിട്ട് പോയ നൂറ് വർഷമായി ആർഎസ്എസ് പ്രവർത്തകൾ നടത്തുന്ന പ്രയത്നങ്ങൾ സമാജത്തിലുടനീളം പ്രതിഫലിക്കണമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . രാഷ്ട്രപുനർ നിർമ്മാണമെന്ന മഹായജ്ഞത്തിൽ സമൂഹം പങ്ക് ചേരണം. ഞാൻ, എൻ്റേത് എന്ന സ്വാർത്ഥത്തിൽ നിന്ന് രാഷ്ട്രത്തിന് വേണ്ടി എന്ന ആത്മീയ ഭാവം എല്ലാവരും ഉൾക്കൊള്ളണം. സമാജം സ്വയംസേവക ഭാവത്തിൽ സംഘമയമാവുകയും സമൃദ്ധ ഭാരതത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ ആർ എസ് എസ് മാൾവ പ്രാന്ത ഘോഷ് വിഭാഗം സംഘടിപ്പിച്ച സ്വര ശതകം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
സംഘത്തിൻ്റെ ഘോഷ് സംവിധാനം ഏതെങ്കിലും പ്രകടനങ്ങളിൽ പ്രചോദനം കൊണ്ടുണ്ടായതല്ല. ദേശസ്നേഹത്താൽ പ്രചോദിതമായ സംഘ പ്രവർത്തനമാണ് അതിൻ്റെ ആധാരം. ഭാരതത്തിന് പുറത്തുള്ള സംഗീതം മനസിൻ്റെ വാസനകളെ ഉത്തേജിപ്പിക്കുന്നതാണെങ്കിൽ നമ്മുടെ സംഗീതം ശാന്തമാക്കുന്നതാണ്. സഹജവാസനകൾ ശാന്തമാകുമ്പോഴാണ് സച്ചിദാനന്ദമുണ്ടാകുന്നത്. പ്രതിബദ്ധതയും അച്ചടക്കവും ശീലമാക്കാനാണ് സംഗീതത്തെ സംഘം ഘോഷ് രൂപത്തിൽ ഉൾപ്പെടുത്തിയത്, മോഹൻ ഭാഗവത് പറഞ്ഞു.
മനസിന് ആനന്ദം നൽകുന്ന ഭാരതീയ രാഗങ്ങൾ സ്വയംസേവകരിൽ അച്ചടക്കത്തിനും നല്ല പ്രവൃത്തികൾക്കും പ്രചോദനം നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാൾവ പ്രാന്തത്തിലെ ത്രിദിന ഘോഷ് ശിബിത്തിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് സ്വരശതകം സംഘടിപ്പിച്ചത്. കബീർ ഭജൻ ഗായകൻ പദ്മശ്രീ കലുറാം ബാംനിയ, പ്രന്ത് സംഘചാലക് പ്രകാശ് ശാസ്ത്രി, വിഭാഗ് സംഘചാലക് മുകേഷ് മോദ് എന്നിവർ സന്നിഹിതരായിരുന്നു. 28 ജില്ലകളിൽ നിന്ന് 868 വാദകർ അൻപതിലധികം ഘോഷ് രചനകളുടെ തുടർച്ചയായ അവതരണം കൊണ്ട് സ്വരശതകം അവിസ്മരണീയമാക്കി.
Discussion about this post