ഓംകാരേശ്വർ (മധ്യപ്രദേശ്): വിശ്വശരീരത്തിൻ്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഭാരതീയ ധർമ്മത്തിൻ്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ തന്നെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നർമ്മദാതീരത്ത് മാർക്കണ്ഡേയ ആശ്രമത്തിൽ കുടുംബപ്രബോധൻ ദേശീയ യോഗത്തിൻ്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.ഭാരത മാതാവാണ് നമ്മെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇവിടെ ജനിച്ച ഓരോ വ്യക്തിക്കും സേവനം സ്വഭാവമാണ്. ഭാരതമാതാവിനെ ആരാധിക്കുക എന്നതിനർത്ഥം ഇന്നാട്ടിലെ മനുഷ്യരെയും ഭൂമിയെയും വനങ്ങളെയും ജലത്തെയും മൃഗങ്ങളെയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിൻ്റെയും സംരക്ഷണവും പ്രോത്സാഹനവുമാണ് ഭാരതമാതാവിനെ ആരാധിക്കുന്നതിൽ നിന്ന് നമുക്ക് ലഭിക്കുന്ന പ്രചോദനം.
ഏത് സാഹചര്യത്തിലും സമൂഹത്തെ സേവിക്കാനുള്ള മനോഭാവമുണ്ടാകണം. അമ്മയെ സേവിച്ച് ഈശ്വരൻ്റെ വാഹനമാകാനുള്ള അനുഗ്രഹം ഗരുഡന് ലഭിച്ചതുപോലെ, ഭാരതമാതാവിനെ സേവിച്ച് നമുക്കും ധർമ്മത്തിൻ്റെ വാഹകനാകാൻ കഴിയണം, സർസംഘചാലക് പറഞ്ഞു.
കുടുംബങ്ങളെ ശക്തിപ്പെടുത്താൻ ഒത്തുചേരലുകൾ വേണം. കുടുംബസുഹൃത്തുക്കളെ സന്ദർശിക്കുക, കുടുംബാംഗങ്ങളുമായി നല്ല ചർച്ചകൾ നടത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആവശ്യമാണ്. ഭക്ഷണം, ഭജന, ഭാഷ, ഭൂഷ, ഭ്രമണം ( യാത്ര ), ഭവനം എന്നിങ്ങനെ ആറ് ഭകാരങ്ങൾ കുടുംബത്തെയും അതുവഴി സമൂഹത്തെയും കൂട്ടിയിണക്കി നിർത്തും. കുട്ടികളിൽ ഇപ്പോൾ കാണുന്ന വൈകല്യങ്ങൾക്ക് ഏറ്റവും വലിയ കാരണം മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗമാണ്. ഓരോരുത്തരും കുടുംബത്തിൽ പരസ്പര ആശയവിനിമയം വർദ്ധിപ്പിക്കേണ്ടതുണ്ട്, അതിലൂടെ വീട്ടിലെ കുട്ടികൾക്ക് മനസ്സ് തുറന്ന് സംസാരിക്കാനും അതുവഴി കുടുംബ അന്തരീക്ഷത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകാനും കഴിയും, മോഹൻ ഭാഗവത് പറഞ്ഞു.
Discussion about this post