ഇംഫാൽ വെസ്റ്റ് (മണിപ്പൂർ) : ഹിമാലയം മുതൽ കുമാരി വരെ വ്യാപിച്ച ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുരക്ഷിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ ചെയ്യണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഇംഫാൽ വെസ്റ്റിലെ ഭാസ്‌കർ പ്രഭയിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടനയിൽ അന്തർലീനമായ സാംസ്കാരിക ആത്മസത്തയെ തിരിച്ചറിഞ്ഞ് ഏറ്റു വാങ്ങണം. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് നമ്മുടെ ഭരണഘടന. 14 വർഷത്തെ വനവാസം സ്വീകരിച്ചുകൊണ്ട് ഭഗവാൻ രാമൻ നിറവേറ്റിയത് തൻ്റെ കടമയാണ്. അതിന് അദ്ദേഹം അവകാശങ്ങൾ ഉപേക്ഷിച്ചു. അവകാശങ്ങൾക്ക് മുകളിൽ കടമകളെ സ്ഥാപിക്കുന്നതാണ് ഭാരതീയ പൗരധർമ്മം. സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കാരണം നിരവധി ദുരിതങ്ങൾ രാജാ ഹരിശ്ചന്ദ്രന് നേരിടേണ്ടിവന്നു. സത്യമാണ് പരമോന്നതമെന്ന് വിശ്വസിക്കുന്ന ‘സത്യമേവ ജയതേ’ എന്ന രാജ്യത്തിന്റെ മുദ്രാവാക്യത്തെ അവതരിപ്പിക്കുന്ന ഇതിവൃത്തമാണത്.
“വസുധൈവ കുടുംബകം” (ലോകം മുഴുവൻ ഒരു കുടുംബമാണ്) എന്നതാണ് നമ്മുടെ ദർശനം. ഭാരതം ലോകക്ഷേമത്തിനുവേണ്ടിയാണ് നില കൊള്ളുന്നത്, സർകാര്യവാഹ് പറഞ്ഞു. രാഷ്ട്രത്തെ ശക്തവും വികസിതവുമാക്കുന്നതിന് ഓരോ പൗരനും സമർപ്പിതരാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Discussion about this post