ലാത്തൂര്‍(മഹാരാഷ്ട്ര): സമരസസമാജവും ഉണരുന്ന പൗരസമൂഹവും രാഷ്ട്രത്തെ ലോകത്തിന് മാതൃകയാക്കി വളര്‍ത്തുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസ് ശാഖകള്‍ ഉത്തമപൗരന്മാരെ സൃഷ്ടിക്കുന്ന വ്യക്തിനിര്‍മാണ ശാലകളാണ്. ഭിന്നതകളില്ലാത്ത സമാജം സംഘടിത ഭാവത്തോടെ രാഷ്ട്രത്തെ കാത്തുസൂക്ഷിക്കാന്‍ സജ്ജരാകണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. അതിന് അനുഗുണമായ രീതിയില്‍ സംഘാടകരെ വാര്‍ത്തെടുക്കാന്‍ ശാഖകള്‍ക്ക് കഴിയുമെന്നത് അനുഭവ പാഠമാണ്, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പരിപാടികളുടെ തയാറെടുപ്പിന്റെ ഭാഗമായി ലാത്തൂരിലെ രാജസ്ഥാന്‍ വിദ്യാലയ മൈതാനത്ത് നടത്തിയ വിരാട് ശാഖാ ദര്‍ശന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാത്തൂര്‍ നഗരത്തിലെ 63 ശാഖകള്‍ ഒരേ മൈതാനത്ത് കാര്യക്രമങ്ങള്‍ നടത്തിയാണ് പരിപാടിയില്‍ പങ്കാളികളായത്.
ഒരാള്‍ ശാഖയിലേക്ക് വരുന്നതിലൂടെ മനസും ശരീരവും ബുദ്ധിയും ശക്തമാവുകയും വികസിക്കുകയും ചെയ്യുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ഒരു മണിക്കൂര്‍ ശാഖയില്‍ നിന്ന് ഒരു ഉത്തമ പൗരന്‍ രൂപപ്പെടുന്നു. കുട്ടികളുടെയും യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ശാഖകള്‍ എല്ലാ സ്ഥലത്തും നടക്കണം. എല്ലാ മേഖലയിലുമുള്ളവരെ ഈ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കണം. യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിലും ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പൗരധര്‍മ്മം നിറവേറ്റുന്നതിലും ബോധമുള്ള പൗരന്മാര്‍ ഭാരതത്തെ ലോകനേതൃത്വത്തിലെത്തിക്കും, അദ്ദേഹം പറഞ്ഞു.
ലാത്തൂര്‍ നഗര്‍ കാര്യവാഹ് കിഷോര്‍ പവാര്‍, മുഖ്യാതിഥി മഹാദേവ് ഡാംനെ, ദേവഗിരി പ്രാന്ത സംഘചാലക് അനില്‍ ജി ഭലേറാവു, നഗര്‍ സംഘചാലക് ഉമാകാന്ത് മദ്രേവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post