ബംഗ്‌ളാദേശില്‍ ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി അനിയന്ത്രിതവും ആസൂത്രിതവുമായി തുടരുന്ന തീവ്ര ഇസ്ലാമിക ശക്തികളുടെ അതിക്രമങ്ങളില്‍ അഖില ഭാരതീയ പ്രതിനിധി സഭ അതീവ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ആസൂത്രിതവും നിരന്തരവുമായ അക്രമവും അനീതിയും അടിച്ചമര്‍ത്തലുമാണ് അവിടെ നടമാടുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
സമീപകാലത്ത് ബംഗ്ലാദേശിലുണ്ടായ ഭരണമാറ്റത്തെത്തുടര്‍ന്ന് മഠങ്ങള്‍, ക്ഷേത്രങ്ങള്‍, ദുര്‍ഗാപൂജയ്ക്കായുള്ള പന്തലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേവതകളെ അപമാനിക്കല്‍, ക്രൂരമായ കൊലപാതകങ്ങള്‍, സ്വത്തുക്കള്‍ കൊള്ളയടിക്കല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികമായി പീഡിപ്പിക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തുടര്‍ച്ചയായിരിക്കുന്നു. ഈ സംഭവങ്ങളുടെ ഇരകളില്‍ ഭൂരിഭാഗവും ഹിന്ദുക്കളും ഇതര ന്യൂനപക്ഷ സമൂഹങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇവ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ഭാഗം മാത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ട് മതപരമായ വശം നിഷേധിക്കുന്നത് സത്യത്തിന് നിരക്കാത്തതാണ്.
ഹിന്ദുക്കളും ഇതര മതന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ മതഭ്രാന്തരായ ഇസ്ലാമിക ശക്തികളുടെ പീഡനത്തിനിരയാവുന്നത് ബംഗ്ലാദേശില്‍ പുതിയ കാര്യമല്ല. അന്നാട്ടിലെ ഹിന്ദു ജനസംഖ്യയില്‍ തുടര്‍ച്ചയായുണ്ടാവുന്ന കുറവ് നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണ്. (1951ല്‍ 22 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 7.95 ശതമാനമായി.) അക്രമത്തിനും വിദ്വേഷ നീക്കങ്ങള്‍ക്കും സര്‍ക്കാരും സംവിധാനങ്ങളും പിന്തുണ നല്‍കുന്നത് ഗുരുതരമായ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശില്‍ നിന്ന് തുടര്‍ച്ചയായി പുറത്തുവരുന്ന ഭാരതവിരുദ്ധ പ്രസ്താവനകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കും.
രാജ്യങ്ങള്‍ തമ്മില്‍ അവിശ്വാസത്തിന്റെയും ഏറ്റുമുട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ഭാരതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ മുഴുവന്‍ അസ്ഥിരത വളര്‍ത്താന്‍ ചില അന്താരാഷ്ട്ര ശക്തികളുടെ കൂട്ടായ ശ്രമം നടക്കുന്നുണ്ട്. അത്തരം ഭാരതവിരുദ്ധ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന്റെയും ഡീപ് സ്റ്റേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വീക്ഷിച്ച് അവയെ തുറന്നുകാട്ടണമെന്ന് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചിന്തകരോടും നേതാക്കളോടും ആര്‍എസ് എസ് പ്രതിനിധിസഭ അഭ്യര്‍ത്ഥിക്കുന്നു.
ഭാരതമുള്‍ക്കൊള്ളുന്ന മുഴുവന്‍ മേഖലയ്ക്കും പൊതുവായ ഒരു സംസ്‌കാരവും ചരിത്രവും സാമൂഹിക ബന്ധങ്ങളുമുണ്ടെന്ന് അടിവരയിട്ട് പറയാന്‍ അഖിലഭാരതീയ പ്രതിനിധി സഭ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഒരിടത്ത് ഉണ്ടാകുന്ന ഏത് പ്രക്ഷോഭവും മേഖലയിലുടനീളം ആശങ്ക ഉയര്‍ത്തും. ഭാരതവും അയല്‍ രാജ്യങ്ങളും പങ്കിടുന്ന പൈതൃകം ശക്തിപ്പെടുത്തുന്നതിന് എല്ലാ ഭാഗത്തുനിന്നും ശക്തമായ ശ്രമമുണ്ടാകണം.
പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ അതിക്രമങ്ങളെ സധൈര്യം ചെറുത്തുനിന്നു എന്നത് ശ്രദ്ധേയമാണ്. ഈ ദൃഢനിശ്ചയത്തിന് ഭാരതത്തിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തില്‍ നിന്നും ധാര്‍മ്മികവും മാനസികവുമായ പിന്തുണ ലഭിച്ചു എന്നത് പ്രശംസനീയമാണ്. ഭാരതത്തിലെയും വിവിധ രാജ്യങ്ങളിലെയും വിവിധ ഹിന്ദു സംഘടനകള്‍ ഈ അക്രമത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് പ്രതിഷേധങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും ബംഗ്ലാദേശി ഹിന്ദുക്കളുടെ സുരക്ഷയ്ക്കും അഭിമാനത്തിനുമായി ആവശ്യമുയര്‍ത്തി. അന്താരാഷ്ട്ര സമൂഹത്തിലെ നിരവധി നേതാക്കളും അവരുടെ തലത്തില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന ദൃഢനിശ്ചയം ഭാരത സര്‍ക്കാരും പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരുമായും നിരവധി ആഗോള വേദികളിലും ഭാരത സര്‍ക്കാര്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ സംരക്ഷണം, അഭിമാനം, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ബംഗ്ലാദേശ് സര്‍ക്കാരുമായി നിരന്തരവും അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണമെന്നും പ്രതിനിധിസഭ ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യത്വരഹിതമായ പെരുമാറ്റം ഗൗരവമായി കാണുകയും ഈ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യേണ്ടത് ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെയും ആഗോള സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെ ഹിന്ദുസമൂഹത്തോടും നേതൃത്വത്തോടും അന്താരാഷ്ട്ര സംഘടനകളോടും അഖില ഭാരതീയ പ്രതിനിധി സഭ ആഹ്വാനം ചെയ്യുന്നു.
Discussion about this post