നാഗ്പൂർ: മോറോപന്ത് പിംഗ്ളെയുടെ ജീവിതം നിശ്ശബ്ദ നേതൃത്വത്തിൻ്റെ മികവുറ്റ ഉദാഹരണമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അദ്ദേഹം ഒരിക്കലും വെളിച്ചത്തിലെത്തിയില്ല. അതേസമയം സംഘ പ്രവർത്തനത്തിൻ്റെ ദിശയും ഭാവവും നിർണയിക്കുന്നതിൽ വലിയ സ്വാധീനം സൃഷ്ടിക്കുകയും ചെയ്തു, സർസംഘചാലക് പറഞ്ഞു. വനമതി സഭാഗൃഹത്തിൽ മോറോപന്ത് പിംഗ്ളെ – ദി ആർക്കിടെക്ട് ഓഫ് ഹിന്ദു റിസർജൻസ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നർമ്മത്തിലൂടെ വലിയ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിൽ സമർത്ഥനായിരുന്നു മോറോപന്ത് ജിയെന്ന് മോഹൻ ഭാഗവത് ഓർമ്മിച്ചു. വൃന്ദാവനിൽ അഖില ഭാരതീയ തലത്തിലുള്ള ഒരു ബൈഠക്കിനിടയിലാണ് മോറോപന്ത് ജി ക്ക് എഴുപത്തഞ്ചാം പിറന്നാൾ എത്തിയത്. ഹൊ . വെ ശേഷാദ്രി ജി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പറയാൻ മോറോപന്ത് ജി എഴുന്നേറ്റപ്പോൾ തന്നെ സദസിൽ ചിരി പടർന്നു. എന്നെ കാണുമ്പഴേ എല്ലാവരും ചിരിക്കുകയാണ്. ആരും എന്നെ ഗൗരവത്തിലെടുക്കുന്നില്ലന്ന് തോന്നുന്നു. ചിരിക്കാൻ മാത്രം ഞാനൊന്നും പറയുന്നു പോലുമില്ല. എന്നിട്ടും അവർ ചിരിക്കുകയാണ്, എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഞാൻ മരിച്ചു കിടന്നാൽ പോലും കല്ലെറിഞ്ഞു നോക്കി മരണം യഥാർത്ഥത്തിൽ സംഭവിച്ചോന്ന് അവർ നോക്കുമെന്ന് മോറോപന്ത് പറഞ്ഞു. 75 വയസായെന്ന് പറഞ്ഞ് ഷാളിട്ടത് എനിക്ക് പ്രായമായെന്നും ഇനി മാറി നിന്നാൽ മതിയെന്നും ഓർമ്മിപ്പിക്കാനാണന്ന് അറിയാമെന്നും മോറോ പന്ത് തമാശ പറഞ്ഞു. ഈ തമാശയുടെ അടിത്തട്ടിൽ ഒട്ടലില്ലായ്മയുടെ പാഠമുണ്ട്. ആദരിക്കപ്പെടുമ്പോഴും അതിനോട് ആകർഷണമില്ലാതിരിക്കുന്നതിനുള്ള കരുതൽ മോറോപന്തിൽ ഉണ്ടായിരുന്നു, സർസംഘചാലക് ചൂണ്ടിക്കാട്ടി.
Discussion about this post