നാഗ്പൂര്‍: ഏകതയുടെയും ധാര്‍മ്മികജീവിതത്തിന്റെയും ആദര്‍ശം ലോകത്തിന് പകരേണ്ടത് ഭാരതത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മളെല്ലാവരും വ്യത്യസ്തരാണ് എന്ന് ലോകം പറയുന്നു, അതുകൊണ്ട് നമ്മള്‍ ഒന്നാകണം എന്നാണ് അവരുടെ വാദം. എന്നാല്‍, നമ്മുടെ ധര്‍മ്മം വൈവിധ്യത്തെ അംഗീകരിക്കാന്‍ ശീലിപ്പിക്കുന്നതാണ്. മനുഷ്യധര്‍മ്മം എങ്ങനെ ആചരിക്കണം എന്ന് ഹിന്ദുത്വം നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ ഭഗവാന്‍ നഗറില്‍ ധര്‍മ്മജാഗരണ്‍ ന്യാസ് കാര്യാലയം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
എല്ലാവരുടെയും വഴി വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്. ആരുടെയും വഴി മാറ്റാന്‍ ശ്രമിക്കേണ്ടതില്ല. ഒരാളുടെ വഴി എന്താണ് എന്നതിനെ കുറിച്ച് തര്‍ക്കവും ആവശ്യമില്ല. ധാര്‍മ്മിക ഉണര്‍വിലൂടെയേ ധാര്‍മ്മിക സമൂഹം നിലനില്‍ക്കൂ. ഇത് പുസ്തകങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല. ലോകത്തിന്ന് ദിശാബോധം നല്‌കേണ്ട കടമ ഭാരതത്തിന്റേതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സനാതന ധര്‍മ്മം ആത്മീയതയെയും വൈവിധ്യത്തെയും പൂര്‍ണമായി സ്വീകരിക്കാനാണ് നമ്മളെ പഠിപ്പിക്കുന്നത്. വിവിധതകളിലെ ഏകത്വം എന്നതാണ് നമ്മുടെ ധര്‍മ്മം. അത് ഈശ്വരീയമെന്നതുപോലെ സാമാജികവുമാണ്. ധര്‍മ്മം ശരിയായി പിന്തുടര്‍ന്നാല്‍ സമൂഹത്തില്‍ സമത്വവും സമാധാനവും ഉണ്ടാകും. ധര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാം പരിശുദ്ധമാണ് ധര്‍മ്മജാഗരണത്തിലൂടെ പരിശുദ്ധി, സത്യം, തപസ്, കാരുണ്യം എന്നിവ ഉണരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ത്തവ്യമാണ് ധര്‍മ്മം. അതിലൂടെയാണ് രാജധര്‍മ്മം, പ്രജാധര്‍മ്മം, പിതൃധര്‍മ്മം തുടങ്ങിയ ആശയങ്ങള്‍ രൂപം കൊണ്ടത്. അനേകം ആളുകള്‍ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അധീരരായി, ധര്‍മ്മപാത വിട്ടുപോയി. എന്നാല്‍ പാരാക്രമശാലികള്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ധര്‍മ്മപാലനത്തില്‍ അചഞ്ചലരായി നിന്നു. പ്രതിസന്ധികളെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് ഛത്രപതി ശിവാജി മഹാരാജ് മറികടന്നത് ഉദാഹരണമാണ്. ധര്‍മ്മത്തിനായി ത്യാഗം സഹിച്ചവര്‍ എന്നും നമുക്ക് പ്രേരണയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടീവാര്‍, സഹ പ്രാന്ത സംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, ധര്‍മ്മജാഗരണ്‍ അഖില ഭാരതീയ സംയോജക് ശരദ് ഢോലെ, ന്യാസ് അധ്യക്ഷന്‍ വിജയ് കൈഥേ എന്നിവരും പങ്കെടുത്തു.


Discussion about this post