സിക്കാർ (രാജസ്ഥാൻ): ലോകത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്ന രാജ്യമാണ് ഭാരതമെന്ന് ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഋഷിമാരുടെ തപസ്സ് ഈ രാഷ്ട്രത്തിൽ ശക്തിയും വീര്യവും നിറച്ചിട്ടുണ്ട്. ധർമ്മം എന്ന ആദർശം ലോകജനതയ്ക്ക് പകർന്നത് ഭാരതമാണ്. പ്രതിസന്ധികളുടെ കാലത്തും ഭാരതം ആ ദൗത്യം നിറവേറ്റിയിട്ടുണ്ടെന്ന് സർസംഘചാലക് പറഞ്ഞു.രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ശ്രീ ജങ്കിനാഥ് ബഡാ മന്ദിർ, രേവാസ ധാമിൽ രേവാസ പീഠാധീശ്വർ സ്വാമി രാഘവാചാര്യ വേദാന്തി മഹാരാജിന്റെ ഒന്നാം അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം കണ്ണുതുറക്കുന്നതിനു മുമ്പുതന്നെ, ഭാരതവും ഹിന്ദു സമൂഹവും ലോകത്തിന് സത്യം, ധർമ്മം, ആത്മീയത എന്നിവയുടെ പാത കാണിക്കുകയും മനുഷ്യരാശിയുടെ യാതെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തുവരുന്നുവെന്ന് സർസംഘചാലക് പറഞ്ഞു. നമുക്ക് നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ നമ്മൾ സ്വതന്ത്രരായിരുന്നു. ചിലപ്പോൾ സമ്പന്നരായിരുന്നു. ചിലപ്പോൾ ദരിദ്രരായി. ചിലപ്പോൾ നമ്മൾ ആശ്രിതരായി, അടിച്ചമർത്തപ്പെട്ടവരായി. എന്നിട്ടും ഈ പ്രവർത്തനം തുടർന്നു. ലോകത്തിന് ആവശ്യമുള്ളപ്പോഴെല്ലാം ഭാരതം ഉയർന്നുവരുന്നു എന്നതാണ് ചരിത്രം.
സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ ചരിത്രം പരിശോധിച്ചാൽ, ഭാരതം ഉയരുമെന്ന് ആർക്കും വാദിക്കാൻ കഴിയില്ല. എന്നാൽ അത് സംഭവിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം, ജനാധിപത്യം ഇവിടെ തുടരില്ലെന്ന് പ്രവചിച്ചിരുന്നവരുണ്ട്. എന്നാൽ ജനാധിപത്യത്തിന് വെല്ലുവിളി നേരിട്ടപ്പോൾ ജനങ്ങൾ അതിനെ ചെറുത്തുനിന്നു, ജനാധിപത്യത്തെ സജീവമാക്കി. ഇന്ന്, അത്ഭുതകരമായ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭാരതം ലോകരാജ്യങ്ങളിൽ മുന്നിലാണ്, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
സത്യം ഒന്നാണ്, അത് വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അസത്യം കുറച്ചു കാലത്തേക്ക് മാത്രമേ നിലനിൽക്കൂ, അവശേഷിക്കുന്നത് സത്യം മാത്രമാകും. ശ്രീരാമകൃഷ്ണദേവൻ്റെ ജീവിതത്തിലെ ഒരു സംഭവമുണ്ട്. അദ്ദേഹം പഞ്ചവടിയിൽ ഇരുന്ന് ഗംഗയെ നോക്കുകയായിരുന്നു. ഉറ്റുനോക്കുന്നതിനിടയിൽ, അദ്ദേഹം ധ്യാനത്തിൽ മുഴുകി, ചുറ്റുമുള്ളവയുമായി ലയിച്ചു. മുന്നിലെ പച്ചപ്പിലൂടെ കടന്നുപോയ പശുവിൻ്റെ കാൽപ്പാടുകൾ അദ്ദേഹത്തിന്റെ നെഞ്ചിൽ അവശേഷിച്ചു. മുഴുവൻ സൃഷ്ടിയിലും ഇത്തരത്തിൽ ആഴത്തിൽ ലയിച്ചു ചേരാനുള്ള അറിവിൻ്റെ താക്കോലാണ് ഗുരു. ഇത് നമ്മോടൊപ്പമുണ്ട്, ഈ താക്കോൽ എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവരും ഒന്നാണെന്ന് ഋഷി മുനിമാർ കരുതി. നമുക്ക് ലഭിച്ച മഹത്തായ ഈ ചിന്ത മുഴുവൻ ലോകത്തിനും നൽകണം. എന്നാൽ അത് ഒരാൾക്ക് ചെയ്യാൻ കഴിയില്ല. ഇതിനായി, ഒരു രാഷ്ട്രം മുഴുവൻ അത് അവരുടെ ജീവിത ലക്ഷ്യമാക്കി ജീവിക്കണം. ഈ ലക്ഷ്യത്തോടെയാണ് ഋഷിമാർ തപസ്സിലൂടെ ഈ രാഷ്ട്രത്തെ സൃഷ്ടിച്ചതെന്ന് ഡോ.മോഹൻ ഭാഗവത് പറഞ്ഞു.











Discussion about this post