ന്യൂദൽഹി: രാഷ്ട്ര നിർമ്മാണത്തിൽ വ്യക്തിഗതമായ സമർപ്പണത്തിന് നിർണായക പങ്കുണ്ടെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സ്വർഗീയ രമേശ് പ്രകാശിൻ്റെ ജീവിതത്തെ അധികരിച്ച് തയാറാക്കിയ തൻ സമർപിത്, മൻ സമർപിത്” എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം എൻഡിഎംസി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഇന്ത്യാ ടുഡേ ഗ്രൂപ്പ് പ്രസിഡന്റ് കാളി പുരി, രമേശ് പ്രകാശിന്റെ ഭാര്യ ആശ ശർമ്മ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ത്യാഗം, അച്ചടക്കം, സാമൂഹിക ഐക്യത്തിനായുള്ള അക്ഷീണ പ്രതിബദ്ധത എന്നിവ ആദർശമാക്കിയ ജീവിതമാണ് രമേശ് പ്രകാശിൻ്റേതെന്ന് സർസംഘചാലക് പറഞ്ഞു. സമർപ്പിതനായ ഒരു പ്രവർത്തകനെ തിരിച്ചറിയുന്നത് സ്ഥാനം കൊണ്ടോ സമ്പത്ത് കൊണ്ടോ അല്ല, മറിച്ച് ആന്തരിക അച്ചടക്കം, വിനയം, വിശാലമായ താൽപ്പര്യത്തോടുള്ള പെരുമാറ്റം എന്നിവയാണ് അതിന് മാനദണ്ഡം. അത്തരമൊരു വ്യക്തി ശാന്തനാണ്, ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എപ്പോഴും സന്നദ്ധനാണ്, അയാൾ അംഗീകാരം തേടി നടക്കില്ല. പെരുമാറ്റം കൊണ്ട് എപ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിക്കും.

ഗൃഹസ്ഥാശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിൽ, ഒരു കുടുംബത്തെ സ്നേഹത്തോടും ഉത്തരവാദിത്തത്തോടും കൂടി എങ്ങനെ വളർത്തിയെടുക്കാമെന്നും അതേ സമയം, സമൂഹത്തിനും രാഷ്ട്രത്തിനും ഒരേ ചൈതന്യം എങ്ങനെ വ്യാപിപ്പിക്കാമെന്നും രമേശ് ജി നമുക്ക് കാണിച്ചുതന്നുവെന്ന് സർസംഘചാലക് അനുസ്മരിച്ചു. വ്യക്തിപരമായ കടമകളും പൊതുസേവനവും രണ്ടല്ല. പരസ്പര പൂരകമാണെന്ന് അദ്ദേഹം തെളിയിച്ചു. ആദർശത്തിന്റെ കുലീനതയാൽ എല്ലാവരെയും പ്രചോദിപ്പിച്ചു, മോഹൻ ഭാഗവത് പറഞ്ഞു.
Discussion about this post