അയോദ്ധ്യ: വാനരന്മാര്‍ക്കും പക്ഷികള്‍ക്കുമായി അയോദ്ധ്യയില്‍ പത്തേക്കര്‍ പ്രദേശത്ത് പഞ്ചവടി ഒരുങ്ങുന്നു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റേതാണ് തീരുമാനം. എഴുപതേക്കര്‍ ഭൂമിയിലാണ് സംരക്ഷിതഹരിത മേഖല ഒരുങ്ങുന്നതെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. അമ്പത് ഏക്കര്‍ പ്രദേശം ഓപ്പണ്‍ എയര്‍ ആയിരിക്കും. വിശാലമായ ജലാശയവും ചെറിയ പാതകളും ഇതിനുള്ളില്‍ ഉണ്ടാകുമെന്ന് ചമ്പത്ത് റായ് കര്‍സേവക് പുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇരുപതേക്കറില്‍ ത്രേതായുഗ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ തോട്ടം ഒരുക്കും. ശ്രീലങ്കയിലെ അശോകവനിയില്‍ നിന്നുള്ള വൃക്ഷത്തൈകളും ഇവിടെ നട്ടുപിടിപ്പിക്കും.
ശേഷാവതാരക്ഷേത്രത്തിലടക്കം ഒക്ടോബറോടെ ദര്‍ശനം ആരംഭിക്കും. ഒരുലക്ഷം ഭക്തരുടെ ചെരുപ്പുകള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യവും ഇതോടൊപ്പം സജ്ജമാക്കും.
ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മ്യൂസിയത്തില്‍ അത്യാധുനിക ഗാലറി വികസിപ്പിക്കുന്ന പ്രവര്‍ത്തനം ഐഐടി മദ്രാസ് ഏറ്റെടുത്തിട്ടുണ്ട്. സപ്തംബര്‍ ഏഴ് മുതല്‍ ഒമ്പതുവരെ ക്ഷേത്രനിര്‍മ്മാണ സമിതിയുടെ യോഗം ചേരും. സപ്തംബര്‍ ഒമ്പതിന് ട്രസ്റ്റ് മീറ്റിങ് ചേരുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
Discussion about this post