വാരണാസി: ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ ദണ്ഡക്രമപാരായണത്തിലൂടെ പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം. പൂനെ അഹല്യാനഗര്‍ സ്വദേശി ദേവവ്രത് മഹേഷ് രേഖെ ആണ് വേദമൂര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടത്. മുന്നൂറ് വര്‍ഷത്തിനിടയില്‍ അപൂര്‍വമായാണ് ഒരാള്‍ ഇത്തരത്തിലൊരു സാധന പൂര്‍ത്തിയാക്കിയിട്ടുള്ളൂ എന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.
ദേവവ്രതിന് ഉപഹാരമായി ശൃംഗേരി ശ്രീ ശാരദപീഠം അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ വളയും 1,11,116 രൂപയും സമ്മാനിച്ചു. കാശിയില്‍ നടന്ന വര്‍ണാഭമായി അഭിനന്ദന സമ്മേളനത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ ഭാരതി തീര്‍ത്ഥ മഹാസ്വാമിജിയുടെയും ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖര ഭാരതി മഹാസ്വാമിജിയുടെയും അനുഗ്രഹത്തോടെ ഡോ. തന്‍ഗിരാല്‍ ശിവകുമാര്‍ ശര്‍മ്മ ഉപഹാരം സമ്മാനിച്ചു.
അമ്പത് ദിവസം കൊണ്ടാണ് ദേവവ്രത് മഹേഷ് രേഖെ വേദപഠനത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദണ്ഡക്രമ പാരായണരീതിയില്‍ ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ പൂര്‍ത്തിയാക്കിയത്. വേദമുകുടം എന്നാണ് പരമ്പരാഗതമായി ഈ രീതി അറിയപ്പെടുന്നത്.
വാരണാസിയില്‍ ചേര്‍ന്ന കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേവവ്രത രേഖെയെ അംഗവസ്ത്രമണിയിച്ച് ആദരിച്ചു. മാധ്യന്ദിനി ശാഖയില്‍ 40 അധ്യായങ്ങളും 2000 മന്ത്രങ്ങളുമാണുള്ളത്. എന്നാല്‍, ദണ്ഡക്രമ പാരായണരീതിയില്‍ 2.5 ദശലക്ഷം മന്ത്രങ്ങളായി വര്‍ധിക്കും. രാംഘട്ട് സാങ്വേദ വിദ്യാലയത്തിലെ പദ്മശ്രീ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ദേവവ്രത് ഇത് പൂര്‍ത്തിയാക്കിയത്.
ശുക്ല യജുര്‍വേദത്തിന്റെ മാധ്യന്ദിനി ശാഖയുടെ സമാനമായ ഒരു മനഃപാഠ ദണ്ഡക്രമ പാരായണം 200 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലാണ് നടന്നത്. ദേവവ്രതിന്റേത് ഐതിഹാസിക നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പോസ്റ്റിലൂടെ അഭിനന്ദിച്ചു. ഈ നേട്ടം ഭാരതീയ ഗുരു പാരമ്പര്യത്തിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


















Discussion about this post