ചെന്നൈ/മധുര: ആറുപടൈ മുരുകന്‍ കോവിലുകളില്‍ പ്രസിദ്ധമായ തിരുപ്പറംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഭക്തര്‍ നിരത്തിലിറങ്ങി. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ഹിന്ദു മുന്നണി പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുപ്പറംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കുന്നിന്‍ മുകളിലുള്ള ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തിയാണ് ഭക്തജനവേട്ടയ്ക്ക് സ്റ്റാലിന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.
മുസ്ലീം മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് സര്‍ക്കാര്‍ കാര്‍ത്തികവിളക്ക് മഹോത്സവം അലങ്കോലമാക്കിയതെന്ന് ഹിന്ദുമുന്നണി ആരോപിക്കുന്നു. ആരാധനയ്ക്കുള്ള അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ഹിന്ദുക്കള്‍ക്ക് കോടതിയില്‍ പോകേണ്ടി വന്നത് വളരെ ദയനീയമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് പ്രകടനങ്ങള്‍ ആരംഭിച്ചതോടെ, നിരവധി സ്ഥലങ്ങളില്‍ പോലീസ് ഭക്തരെ കസ്റ്റഡിയിലെടുത്തു. പലയിടത്തും പോലീസ് ഭക്തര്‍ക്കുനേരെ ബലപ്രയോഗം നടത്തി. ചെന്നൈയില്‍ താംബരം, നുങ്കമ്പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകടനം നയിച്ച മുതിര്‍ന്ന പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
തൂത്തുക്കുടിയില്‍, പോലീസ് നടപടിയെത്തുടര്‍ന്ന് ഹിന്ദു മുന്നണി അംഗം എ.എസ്. മദന്‍ കുഴഞ്ഞുവീണത് ആശങ്കയുണ്ടാക്കി. തിരുച്ചി നഗരത്തില്‍, ഗാന്ധി മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മരക്കടൈ എംജിആര്‍ പ്രതിമയ്ക്ക് സമീപം നൂറിലേറെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത്.
പുതുക്കോട്ടയില്‍ 40 പേരെയും വിരാലിമലയില്‍ 80 പേരെയും, കരമ്പകുടിയില്‍ 70 പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. അരിയല്ലൂര്‍ ജില്ലയില്‍ മാത്രം, പട്ടണത്തിലെ അണ്ണാ പ്രതിമയ്ക്ക് സമീപം 110 പേരെരെ കസ്റ്റഡിയിലെടുത്തു. നാഗപട്ടണത്തും വേദാരണ്യത്തിലും അറസ്റ്റ് നടന്നു.
ഡിഎംകെ സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്‌മണ്യം പറഞ്ഞു. സര്‍ക്കാര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണ്. കോടതി ഉത്തരവുകള്‍ മാനിക്കുന്നതിനുപകരം, സെക്ഷന്‍ 144 പ്രയോഗിച്ച് ഭക്തരെ തടയുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോയമ്പത്തൂര്‍ സെല്‍വപുരത്ത്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മഗേശ്വരന്‍ ഭക്തരെ ക്രൂരമായി ആക്രമിച്ചു. പോലീസ് ഓഫീസര്‍ എന്ന നിലയിലല്ല, ഡിഎംകെ കേഡര്‍മാരെപ്പോലെയാണ് അദ്ദേഹം പെരുമാറിയതെന്ന് കാടേശ്വര സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി.













Discussion about this post