ഭോപാല്‍(മധ്യപ്രദേശ്): ഹിന്ദുധര്‍മ്മം ഒരു ആരാധനാരീതിയല്ലെന്നും എല്ലാവരെയും ഒരുമിച്ചുചേര്‍ക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്ന ജീവിതരീതിയാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാഷ, വേഷം, ഭക്ഷണം, വിശ്വാസം, ജാതി തുടങ്ങിയ എല്ലാ വ്യത്യസ്തതകളെയും ഒന്നിപ്പിക്കുന്നത് ഹിന്ദു എന്ന തനിമയാണ്. നമുക്ക് ഒരേ ധര്‍മ്മമാണ്. ഒരേ സംസ്‌കാരമാണ്. ഒരേ പൂര്‍വികരാണ്, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍, ഹിന്ദുക്കളാണെന്ന് പറയുന്നതില്‍ അഭിമാനിക്കാനെന്തുണ്ടെന്ന് ചോദിക്കുന്നവര്‍, ഹിന്ദുക്കളാണെന്ന് പറയേണ്ട കാര്യമില്ലെന്ന് ചിന്തിക്കുന്നവര്‍, ഹിന്ദുക്കളാണെന്ന് മറന്നുപോയവര്‍ എന്നിങ്ങനെ നാല് തരം ഹിന്ദുക്കളാണ് ഭാരതത്തിലുള്ളത്. മറവി നമുക്ക് ദുരന്തങ്ങളാണ് സമ്മാനിച്ചതെന്ന് ചരിത്രം പറഞ്ഞുതരും. അതുകൊണ്ട് മറവിയില്‍ നിന്ന് ഉണരുകയും സംഘടിക്കുകയും വേണം, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനെ മനസിലാക്കാന്‍ താരതമ്യങ്ങളില്ലെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. സമാനമായ മറ്റൊരു സംഘടന ലോകത്തില്ല. സംഘത്തെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും വസ്തുതാവിരുദ്ധമായ പല കാര്യങ്ങളും സംഘത്തപ്പറ്റി ധരിച്ചുവച്ചിട്ടുണ്ട്. ശരിയായ വിവരങ്ങള്‍ സമൂഹത്തിന് പകരുന്നതിനാണ് നൂറാം വര്‍ഷത്തില്‍ സംഘം പരിശ്രമിക്കുന്നതെന്ന് സര്‍സംഘചാലക് വ്യക്തമാക്കി.
സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനം സംഘം മാത്രമാണ് നടത്തുന്നതെന്ന അവകാശവാദമില്ല. സമൂഹത്തില്‍ ധാരാളം സജ്ജനങ്ങളും സംഘടനകളും ഈ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അവരെല്ലാം ഒരുമിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപ്പാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.


















Discussion about this post