ന്യൂദൽഹി: സംഘത്തിൻ്റെ ആദർശത്തെ ആത്മാവായി സ്വീകരിച്ച വ്യക്തിത്വമാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിൻ്റേതെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഒരർത്ഥത്തിൽ സംഘവും ഡോക്ടർജിയും പര്യായപദങ്ങളാണ്. അദ്ദേഹത്തിൻ്റെ ജീവിതം പഠിക്കേണ്ടതാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഝണ്ഡേവാലയിലെ ആർഎസ്എസ് കാര്യാലയമായ കേശവ്കുഞ്ജിൽ സംഘടിപ്പിച്ച പരിപാടിയിൽ ശതക് സിനിമയിലെ ഗാനങ്ങൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗായകൻ സുഖ്‌വീന്ദർ സിംഗ് ആണ് ഗാനങ്ങൾ ആലപിച്ചത്.
പുതിയ രൂപങ്ങളിലേക്ക് പരിണമിക്കുമ്പോൾ സംഘം മാറുകയാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ സംഘം മാറുകയല്ല, ക്രമേണ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സർസംഘചാലക് ചൂണ്ടിക്കാട്ടി. ഒരു വിത്ത് വൃക്ഷമായി മാറുന്ന പ്രക്രിയയാണിത്.
ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ മനഃശാസ്ത്രം ഗവേഷണത്തിനും പഠനത്തിനും വിഷയമാകണം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരേ ദിവസം, ഒരു മണിക്കൂർ വ്യത്യാസത്തിലാണ് വിടവാങ്ങിയത്. അന്ന് അദ്ദേഹത്തിന് 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രായത്തിൽ ഇത്ര വലിയ ആഘാതം ഏൽക്കേണ്ടി വരുന്ന ഒരു വ്യക്തി വിഷാദത്തിലാകുന്നത് സാധാരണമാണ്. എന്നാൽ ഡോ. ഹെഡ്‌ഗേവാറിന്റെ മനസ് അതിനെ അതിജീവിച്ചു. അത് അദ്ദേഹത്തിന്റെ സ്വഭാവത്തെയോ വ്യക്തിത്വത്തെയോ പ്രതികൂലമായി ബാധിച്ചില്ല. ഡോ. ഹെഡ്‌ഗേവാറിലെ ദേശഭക്തി അദ്ദേഹത്തിന് മനശ്ശക്തി പകർന്നു. എത്ര വലിയ ആഘാതങ്ങളെയും ഉൾക്കൊള്ളാനും മനസ്സിനെ ഏകാഗ്രമാക്കാനുമുള്ള കരുത്ത് ഡോക്ടർജിക്കുണ്ടായിരുന്നുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
വീർ കപൂർ നിർമ്മിച്ച് ആശിഷ് മാൽ സംവിധാനം ചെയ്ത ‘100 ഇയേഴ്‌സ് ഓഫ് രാഷ്ട്രീയ സ്വയംസേവക് സംഘ് – ശതക്’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് പ്രകാശനം ചെയ്തത്. അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷിയും പരിപാടിയിൽ പങ്കെടുത്തു.


















Discussion about this post