പാനിപ്പത്ത്(ഹരിയാന): യുവാക്കളെ കായികമേഖലയിലേക്ക് നയിക്കാന്‍ പ്രത്യേക പരിശ്രമം വേണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍ പറഞ്ഞു. മയക്കുമരുന്നുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ക്ക് അത് സഹായകമാകും. മുന്‍നിര കായികതാരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകകളാകണം. സാമൂഹിക തിന്മകളെക്കുറിച്ച് അവബോധം വളര്‍ത്തുകയും കൂടുതല്‍ കൂടുതല്‍ യുവാക്കളെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ രാഷ്ട്രനിര്‍മാണത്തില്‍ കായികതാരങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അലോക് കുമാര്‍.

ജനസംഖ്യയെ രാഷ്ട്രത്തിന്റെ കരുത്തായി വിനിയോഗിക്കാന്‍ കഴിയണമെന്നും എല്ലാവരും ഒരേ മനസോടെ രാഷ്ട്രത്തിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്നും അലോക് കുമാര്‍ പറഞ്ഞു. രാജ്യത്ത് 1.4 ബില്യണാണ് ജനസംഖ്യ. ജനസംഖ്യയുടെ ഈ വലിപ്പം മൂലം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. എന്നാല്‍ അത് തടഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇതേ ജനതയ്ക്ക് തന്നെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് നമുക്ക് കൂട്ടുകുടുംബങ്ങളായിരുന്നു. ആധുനികതയുടെയും പാശ്ചാത്യ സംസ്‌കാരത്തിന്റെയും കടന്നുകയറ്റത്തില്‍ നമ്മള്‍ അണുകുടുംബങ്ങളായി. അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ കൂട്ടുകുടുംബ പാരമ്പര്യം സ്വീകരിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടുംബത്തിനായി സമര്‍പ്പിക്കാന്‍ ഓരോ വ്യക്തിയും തയാറാകണം. കുടുംബാംഗങ്ങളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയും വര്‍ത്തമാനം പറയുകയും അതുവഴി ഇഴയടുപ്പം വളര്‍ത്തുകയും വേണം. അടുത്ത തലമുറയെ എല്ലാത്തരം തിന്മകളില്‍ നിന്നും രക്ഷിക്കാന്‍ കുടുംബമൂല്യങ്ങള്‍ പകരുക മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം സാമ്പത്തികമായി മുന്നേറണമെങ്കില്‍, നമ്മള്‍ സ്വദേശി സ്വീകരിക്കണം. പതിനഞ്ചാം നൂറ്റാണ്ടില്‍, ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ത്തന്നെ നമുക്ക് നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകള്‍ ഉണ്ടായിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മികച്ചതായിരുന്നു. പുതിയവയെ സ്വീകരിക്കുമ്പോള്‍ പഴയതിനെ തള്ളുന്ന രീതി നല്ലതല്ല. പുതിയതും പുരാതനവുമായ പാരമ്പര്യങ്ങളെ സന്തുലിതമാക്കുമ്പോള്‍ മാത്രമേ നമുക്ക് സമ്പന്നമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയൂ.

നമ്മുടെ അവകാശങ്ങളെക്കുറിച്ച് നമുക്ക് ബോധമുണ്ട്, പക്ഷേ കടമകളുടെ കാര്യം വരുമ്പോള്‍ നമ്മള്‍ പിന്നോട്ട് പോകുന്നു. കൊവിഡ് കാലത്ത്, ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ പലമടങ്ങ് സമൂഹം ചെലവഴിച്ചു. ഇത്തരത്തിലുള്ള പൗരധര്‍മ്മബോധം എല്ലായ്‌പോഴും വേണം. പൗരന്മാര്‍ ഉത്തരവാദിത്തത്തോടെ തങ്ങളുടെ കടമകള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഒരു രാജ്യവും പുരോഗമിക്കില്ല.
കായികതാരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഭാരതീയ പാരമ്പര്യങ്ങളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കണം. സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, കുടുംബ മൂല്യങ്ങള്‍, പൗരധര്‍മ്മം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തണമെന്ന് അലോക് കുമാര്‍ പറഞ്ഞു.
കായികതാരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ഒളിമ്പിക് മെഡല്‍ ജേതാവ് രവി ദഹിയ പറഞ്ഞു. ആര്‍എസ്എസ് ഹരിയാനയുടെ പ്രാന്ത സംഘചാലക് പ്രതാപ്, സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി വിസി റായ്, അന്താരാഷ്ട്ര ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, ഭാരതത്തിലെ ആദ്യ വനിതാ പാരാലിമ്പിക് മെഡല്‍ ജേതാവ് ദീപ മാലിക് തുടങ്ങിയവരും പങ്കെടുത്തു.
















Discussion about this post