മുസാഫര്‍പൂര്‍(ബിഹാര്‍): പെരുമാറ്റത്തില്‍ സദ്ഭാവമുള്ള സമൂഹം എല്ലാ പ്രശ്‌നങ്ങള്‍ക്കും സ്വയം പരിഹാരം കണ്ടെത്തുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു വിദേശ ശക്തിയും സ്വന്തം ശക്തിയാലല്ല നമ്മെ കീഴടക്കിയത്. നമ്മുടെയുള്ളിലെ ഭിന്നതകള്‍ അവര്‍ മുതലെടുക്കുക മാത്രമാണ് ചെയ്ത്. ഒറ്റക്കെട്ടായ സമൂഹം പരസ്പരം സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരും. ഇതിലൂടെ പ്രശ്‌നങ്ങള്‍ സ്വയമേവ പരിഹരിക്കും, സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച സാമാജിക സദ്ഭാവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ഉണര്‍വിലൂടെ രാജ്യം പുരോഗമിക്കുകയാണ്. നമുക്ക് ലോകത്തിന് മാതൃകയായി മാറേണ്ടതുണ്ട്. അതിന് അനുകൂലമാണ് സാഹചര്യങ്ങള്‍. എന്നാല്‍ വെല്ലുവിളികളും ചെറുതല്ല. ചില രാജ്യങ്ങള്‍ക്ക് ഭാരതത്തിന്റെ പുരോഗതി അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അവരുടെ വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ട് ഭാരതത്തിന്റെ മുന്നേറ്റത്തെ തടയാനാണ് അവരുടെ ശ്രമം. ഇതിനെ മറികടക്കണമെങ്കില്‍ നമ്മള്‍ സ്വാശ്രയശീലരായേ മതിയാകൂ.സജ്ജനങ്ങള്‍ക്ക് സമൂഹത്തെ കരുത്തുള്ളവരാക്കാന്‍ കഴിയും. നമുക്ക് ഏറ്റവും അടിത്തട്ടില്‍വരെ എത്തി ഈ മനോഭാവം വളര്‍ത്തേണ്ടതുണ്ട്. ഭരണ വ്യവസ്ഥകള്‍ കൊണ്ടമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ജനങ്ങള്‍ ഒരുമിച്ച് ചേരണം. സാമൂഹികവും സാമുദായികവുമായ സംഘടനകളെ നയിക്കുന്നവര്‍ സമൂഹത്തിന്റെ ഭൗതികവും ധാര്‍മ്മികവുമായ ഉന്നമനം പരിഗണിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.
സമ്പന്നര്‍ക്ക് മാത്രമേ സമൂഹത്തെ സേവിക്കാനാകൂ എന്നത് ശരിയല്ല. ഹൃദയത്തില്‍ ഐക്യഭാവമുള്ളവര്‍ക്കെല്ലാം ദുരിതമനുഭവിക്കുന്നവരെയും ദരിദ്രരെയും സേവിക്കാന്‍ കഴിയും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെ പിന്തുണയില്ലാതെതന്നെ പ്രശ്‌നപരിഹാരം കണ്ടെത്തിയ നിരവധി സമൂഹങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അത് മാതൃകയാകണം.സമൂഹത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യത്തേക്കാള്‍ പ്രധാനമാണ് ഹിന്ദു സമൂഹത്തിന്റെ ഐക്യമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശക്തരാകണം. രാജ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണം, സര്‍സംഘചാലക് പറഞ്ഞു.















Discussion about this post