പ്രയാഗ്രാജ്(ഉത്തര്‍ പ്രദേശ്): രാഷ്ട്രനിര്‍മ്മാണത്തിനായി പഞ്ചപരിവര്‍ത്തനം പ്രതിജ്ഞയായി സ്വീകരിക്കാന്‍ യുവാക്കള്‍ സന്നദ്ധരാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തെ യഥാര്‍ത്ഥ ഭാരതമാക്കാന്‍ യുവാക്കള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോതീലാല് നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംപി ഹാളില്‍ സംഘടിപ്പിച്ച യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
രാഷ്ട്രം നമുക്കെല്ലാ നല്കുന്നു. തിരികെ നല്കാന് നമുക്കും കഴിയണം. ഇത് മുദ്രാവാക്യമായി ഏറ്റെടുക്കണം. ഭാരതത്തെക്കുറിച്ച് ഭാവാത്മകമായ കാഴ്ചപ്പാടുണ്ടാകണം. എങ്ങനെയാണ് നമ്മുടെ രാഷ്ട്രത്തെ മഹത്തരമാക്കേണ്ടത് എന്നതിലായിരിക്കണം ഊന്നല്‍. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഉപേക്ഷിക്കണമെന്ന് എല്ലാ മഹാന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്. അത് എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാകണം. വ്യവസായം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും ഭാരതീയത പ്രകടമാകണം. സാംസ്കാരികമായി നമ്മള് ഒന്നാണെന്ന ബോധത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം, ഭാവി തലമുറയെ നല്ല പൗരന്മാരായി വളര്‍ത്തിയെടുക്കേണ്ടതും നമ്മുടെ കടമയാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഭാരതീയജ്ഞാനപാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം. മാറ്റങ്ങളുടെ കാലമാണിത്. മാറ്റം പ്രകൃതി നിയമമാണ്. നല്ല കാര്യങ്ങള്‍ സംസാരിക്കുന്നതും കേള്‍ക്കുന്നതും എളുപ്പവും സുഖമുള്ളതുമാണ്. എന്നാല്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടാണ്. അത് മനസിലാക്ക് നമ്മുടെ കടമ തിരിച്ചറിഞ്ഞാല്‍ രാജ്യം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കും.
സമൃദ്ധമായ ലങ്ക അധീനതയില്‍ വന്നിട്ടും അത് വിഭീഷണന് നല്കി മാതൃരാജ്യത്തെ സ്വീകരിച്ച ശ്രീരാമനാണ് നമ്മുടെ മാതൃക. ഒരു രാഷ്ട്രത്തെയും കീഴ്പ്പെടുത്തിയല്ല ഭാരതം വികസിച്ചത്. എല്ലാവരെയും ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്കാരം. പല സംസ്കാരങ്ങളും ഭാരതീയതയുടെ മുഖ്യധാരയില്‍ ലയിച്ച് ഇവിടെത്തുടരുന്നു. മ്യൂസിയങ്ങളിലും ലൈബ്രറികളിലും അറിവ് സൂക്ഷിക്കുന്നതിലല്ല, ലോകത്തിന് പകരുന്നതിലാണ് നമ്മള് ആനന്ദം കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്യാഗ്രഹത്തിലും ഉപഭോഗത്തിലും കുടുങ്ങിയാല്‍, നമ്മുടെ പരിശ്രമങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍വാഹ് ജി പറഞ്ഞു. ഓരോ വ്യക്തിയും അവരുടെ പരിശ്രമത്തിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ശ്രമിക്കണം. എല്ലാവര്ക്കും ആദ്യം രാഷ്ട്രബോധം ഉണ്ടായിരിക്കണം. ‘പ്രതിശീര്‍ഷ വരുമാന’ത്തേക്കാള്‍ ‘പ്രതിശീര്‍ഷ സ്വഭാവ’ത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാജഗോപാലാചാരി പറഞ്ഞിട്ടുണ്ട്. അതാണ് അനിവാര്യം, സര്‍കാര്യവാഹ് പറഞ്ഞു.എംഎന്‍ഐടി ഡയറക്ടര്‍ പ്രൊഫ. രാമശങ്കര്‍ വര്‍മ്മ, സഹപ്രാന്ത സംഘചാലക് പ്രൊഫ. റാണ കൃഷ്ണ പാല്, ഐഐഐടി ഡയറക്ടര്‍ മുകുള്‍ യശ് സുതാവഡെ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.













Discussion about this post