ന്യൂദല്‍ഹി: സൈനിക സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് വൈസ്രോയിഭരണത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയടക്കമുള്ള 246 സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിനുള്ള പ്രക്രിയ സൈന്യം ആരംഭിച്ചു.യുദ്ധവീരന്മാരുടെയും വിശിഷ്ടരായ സൈനിക ഉദ്യോഗസ്ഥരുടെയും പേരുകളാകും ഇനി എല്ലാ സൈനിക സ്ഥാപനങ്ങള്‍ക്കും നല്കുക. 124 റോഡുകള്‍, 77 കോളനികള്‍, 27 കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പരിശീലന മേഖലകള്‍, മൈതാനങ്ങള്‍, ഗേറ്റുകള്‍, ഹെലിപാഡുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ പേരുകളാണ് ആത്മനിര്‍ഭരമാകുന്നത്.
ഡല്‍ഹി കന്റോണ്‍മെന്റില്‍, ഓഫീസര്‍മാരുടെ താമസസ്ഥലമായ കിര്‍ബി പ്ലേസ് ഇനി കെനുഗുരുസെ വിഹാര്‍ എന്ന് അറിയപ്പെടും. മാള്‍ റോഡ്, അരുണ്‍ ഖേത്രപാല്‍ മാര്‍ഗ് എന്ന് മാറ്റി ബോര്‍ഡ് വച്ചു. അംബാല കന്റോണ്‍മെന്റിലെ പാറ്റേഴ്സണ്‍ റോഡ് ക്വാര്‍ട്ടേഴ്സ് ഇനി ധാന്‍ സിങ് താപ്പ എന്‍ക്ലേവ് എന്നും മഥുര കന്റോണ്‍മെന്റിലെ ന്യൂ ഹോണ്‍ ലൈന്‍ അബ്ദുള്‍ ഹമീദ് ലൈന്‍സ് എന്നും പുനര്‍നാമകരണം ചെയ്തു.
ജയ്പൂര്‍ കന്റോണ്‍മെന്റിലെ ക്വീന്‍സ് ലൈന്‍ റോഡ് സുന്ദര്‍ സിങ് മാര്‍ഗ് ആയി, ബറേലി കന്റോണ്‍മെന്റിലെ ന്യൂ ബേര്‍ഡ്വുഡ് ലൈന്‍ തിമ്മയ്യ കോളനി എന്ന് പുനര്‍നാമകരണം ചെയ്തു. മോവ് കന്റോണ്‍മെന്റിലെ മാല്‍ക്കം ലൈന്‍സിനെ പിരു സിംഗ് ലൈന്‍സായി പുനര്‍നാമകരണം ചെയ്തു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍, കോളിന്‍സ് ബ്ലോക്കും കിംഗ്സ്വേ ബ്ലോക്കും നുബ്ര ബ്ലോക്ക്, കാര്‍ഗില്‍ ബ്ലോക്ക് എന്നിങ്ങനെയാക്കി.കൊല്‍ക്കത്തയില്‍, ഫോര്‍ട്ട് വില്യം വിജയ് ദുര്‍ഗ് ആയപ്പോള്‍ രംഗപഹാര്‍ മിലിട്ടറി സ്റ്റേഷനിലെ സ്പോര്‍ട്സ് കോംപ്ലക്‌സ് ലൈഷ്റാം ജ്യോതിന്‍ സിങ് സ്പോര്‍ട്സ് കോംപ്ലക്സ് ആയി. സഖാമ മിലിട്ടറി സ്റ്റേഷനില്‍, സ്പിയര്‍ ലേക്ക് മാര്‍ഗിനെ ഹാങ്പന്‍ ദാദ മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്തു.
















Discussion about this post