പുരി (ഒഡീഷ): ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ. ബിഎംഎസ് 21-ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് ട്രേഡ് യൂണിയനുകള്‍ പുതിയ തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ സ്വന്തം താത്പര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ബിഎംഎസ് രാഷ്‌ട്ര താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുത്തു. ചരിത്രത്തിലാദ്യമായി എല്ലാവര്‍ക്കും നിയമന ഉത്തരവുകള്‍ ഉറപ്പാക്കി. വര്‍ഷത്തിലൊരിക്കല്‍ ഹെല്‍ത്ത് ചെക്കപ്പ് നിര്‍ബന്ധമാക്കി, മാത്രമല്ല അപകടകരമായ തൊഴില്‍ മേഖലയില്‍ ഒരു തൊഴിലാളി മാത്രമാണെങ്കിലും ഇഎസ്ഐ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിലെ ചര്‍ച്ചകള്‍ നേരിട്ട് കേള്‍ക്കാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ വരുന്ന എല്ലാ വിഷയങ്ങള്‍ക്കും അനുകൂല തീരുമാനമുണ്ടാകും. സര്‍ക്കാരും തൊഴിലാളിയും രണ്ടല്ല, ഒന്നാണ്. വികസിത ഭാരതത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഡോ. മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ അധ്യക്ഷനായി. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ വി. ഭാഗയ്യ, ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, ഐഎല്‍ഒ സൗത്ത് ഏഷ്യ ഡയറക്ടര്‍ മിഷിക്കോ മിയാമോട്ടോ, റഷ്യയിലെ എഫ്എന്‍പിആര്‍ പ്രസിഡന്റ് സെര്‍ജി ചെര്‍ണോഗേവ്, ബിഎംഎസ് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര പാണ്ഡെ, ഒഡീഷ സംസ്ഥാന പ്രസിഡന്റ് ബാദല്‍ മഹാറാണ എന്നിവരും കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികളും സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2500 പ്രതിനിധികളും ബ്രസീല്‍, റഷ്യ, നേപ്പാള്‍, ഇന്‍ഡോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന റാലിയും പൊതുയോഗവും സംഘടനാ ശക്തി വിളിച്ചോതുന്നതാകും.
















Discussion about this post