ലഖ്നൗ: വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്നും അത് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇത് രണ്ടും കച്ചവടങ്ങളല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഖ്‌നൗ സര്‍വകലാശാലയിലെ മാളവ്യ ഓഡിറ്റോറിയത്തില്‍ നടന്ന ഗവേഷക സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യര്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൈകടത്തി. ജോലി ചെയ്യാന്‍ കറുത്ത ഇംഗ്ലീഷുകാരെ കണ്ടെത്താനായിരുന്നു അവരുടെ ഉന്നം. ആ വിദ്യാഭ്യാസരീതി തിരുത്തുകതന്നെ വേണം. രാഷ്ട്രത്തെ വൈഭവപൂര്‍ണമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും എന്റെ കുടുംബവുമാണ് എല്ലാം എന്നതിനുപകരം, സമ്പൂര്‍ണരാഷ്ട്രത്തിന് വേണ്ടിയാകണം നമ്മുടെ ചിന്ത.
ഭാരതത്തിന്റെ ദിശയും സ്ഥിതിയും മാറ്റുന്നതില്‍ ഗവേഷണം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു. വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണം. അജ്ഞത ഭാരതത്തെ അറിയുന്നതില്‍നിന്ന് നമ്മെ തടയും. ഗവേഷണം മികവോടെയും സമഗ്രതയോടെയും രാജ്യത്തോടുള്ള സമര്‍പ്പണത്തോടെയും പൂര്‍ണ്ണഹൃദയത്തോടെയും നിസ്വാര്‍ത്ഥമായും നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ആഗോളവല്‍ക്കരണം ഒരു പ്രധാന വെല്ലുവിളിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, ആഗോളവല്‍ക്കരണം പലപ്പോഴും വാണിജ്യവല്‍ക്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് അപകടകരമാണ്. വസുധൈവ കുടുംബകമെന്ന ഭാവമാണ് വേണ്ടത്. നമ്മുടെ ജീവിതം ഉപഭോഗാധിഷ്ഠിതമല്ല. സംയമനത്തിന്റെയും ത്യാഗത്തിന്റെയും ജീവിതം നമ്മുടെ സംസ്‌കാരത്തില്‍ വേരൂന്നിയതാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഭൗതികവാദം പ്രചരിപ്പിച്ചു. അവരുടെ മാനസികാവസ്ഥ ശക്തരാകുക, സ്വയം ജീവിക്കുക, മറ്റുള്ളവരെ ഇല്ലാതാക്കുക എന്നതാണ്. അമേരിക്കയും ചൈനയും ചെയ്യുന്നത് ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധര്‍മ്മത്തിന്റെ പ്രസക്തി ശാശ്വതമാണ്. പ്രപഞ്ചം പ്രവര്‍ത്തിക്കുന്ന നിയമങ്ങളാണ് ധര്‍മ്മം. അത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും ധര്‍മ്മം ബാധകമാണ്. എല്ലാവരുമൊത്തു ജീവിക്കണമെന്നാണ് ധര്‍മ്മം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.















Discussion about this post