ജബല്‍പൂര്‍(മധ്യപ്രദേശ്): ത്യാഗം, തപസ്, തേജസ് എന്നിവയുടെ ത്രിവേണീസംഗമമാണ് ഗുരു തേഗ് ബഹദൂറെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. സമാനതകളില്ലാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ധാര്‍മികാചാര്യന്‍ മാത്രമല്ല, അനീതിക്കെതിരെ നിര്‍ഭയം നിലകൊണ്ട, സത്യസംരക്ഷണത്തിന് സര്‍വം സമര്‍പ്പിച്ച പോരാളി കൂടിയായിരുന്നു അദ്ദേഹമെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ഭന്വാര്തല് സംസ്കൃതി തിയേറ്ററില്‍ സംഘടിപ്പിച്ച ഗുരു തേഗ് ബഹദൂറിന്റെ 350-ാം ബലിദാനവാര്ഷികസ്മൃതി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംദത്ത് ചക്രധര്‍.
ഗുരു ഹര്‍ഗോബിന്ദിന്റെ മകനായിരുന്ന ത്യാഗ്മല് പതിമൂന്നാം വയസില്‍ യുദ്ധക്കളത്തില്‍ പ്രകടമാക്കി ധീരതയിലൂടെയാണ് തേഗ്ബഹദൂറായത്. മതപരമായ അസഹിഷ്ണുതയും പീഡനവും ഉച്ചസ്ഥായിലായിരുന്ന ചരിത്ര കാലഘട്ടത്തില്‍ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ധര്‍മ്മം കേവലം ആരാധനയുടെ കാര്യമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണെന്ന സന്ദേശമാണ് ഗുരു തേഗ്ബഹദൂറിന്റെ ജീവിതം നല്‍കിയത്. അദ്ദേഹത്തിന്റെ ത്യാഗം ഏതെങ്കിലും ഒരു സമൂഹത്തിനുവേണ്ടിയല്ല, മറിച്ച് മനുഷ്യരാശിയുടെയാകെ ധാര്മികസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായിരുന്നുവെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.



















Discussion about this post