കർണാവതി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവാഘോഷം സമാജത്തിൽ സ്വത്വബോധമുണർത്തുന്നതിനും രാഷ്ട്ര ഭാവനയെ സുദൃഢമാക്കുന്നതിനും ഉതകുന്നതാകണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു.കർണാവതിയിൽ നടക്കുന്നആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭയോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയത്.
വിദ്യാഭ്യാസം ഭാരത കേന്ദ്രീകൃതമാകണം. അതിലൂടെ വിദ്വാർത്ഥി സമൂഹത്തിലും യുവാക്കളിലും വികസിത ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാകണം.സ്വത്വത്തിലൂന്നിയ ജീവിതവീക്ഷണം രാഷ്ട്രത്തിൻ്റെ ഭാവിയെ സുരക്ഷിതമാക്കും. ഭാരതത്തിൻ്റെ ഏകതയെയും മാതൃഭൂമി എന്ന ഭാവനയേയും ആധ്യാത്മിക ധാരകളെയും ദുർബലമാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. സ്വദേശീയമായ നമ്മുടെ വിദ്യാഭ്യാസ-രാജനൈതിക സാമ്പത്തിക സങ്കല്പങ്ങളെ അവർ തകർക്കാൻ പരിശ്രമിച്ചു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന നമ്മുടെ സ്വാതന്ത്ര്യ സമരം സാർവത്രികവും സർവ്വ മേഖലകളിലും സ്വത്വബോധമുണർത്താനുള്ള നിരന്തര പരിശ്രമമായിരുന്നു.അത് കേവലം രാഷ്ട്രീയമായിരുന്നില്ല.
സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ .ലാൽ-ബാൽ-പാൽ, മഹാത്മാഗാന്ധി, വീര സവർക്കർ, നേതാജി-സുഭാഷ്ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, ഭഗത്സിംഗ്, വേലു നാച്ചിയാർ, റാണി ഗൈഡിൻലിയുതുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ നമ്മുടെ രാഷ്ട്ര ഭാവനയെ പ്രബലമാക്കി. ഉറച്ച ദേശഭക്തനായ ഡോ. ഹെഡ്ഗേവാറിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘവും അതിൻ്റെ പങ്ക് വഹിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ പല കാരണങ്ങളാൽ സ്വത്വബോധം കുറഞ്ഞതാണ് വിഭജനം പോലുള്ളകാര്യങ്ങളിലേക്ക് നയിച്ചത്.സ്വത്വബോധത്തെ എല്ലാ മേഖലകളിലും ഉണർത്തിയെടുക്കുകയെന്നതാണ് ഇന്നിൻ്റെ ആവശ്യം. ഭാരതത്തെ വിജ്ഞാന സമൂഹമായി വികസിപ്പിച്ച് ലോകനേതൃത്വത്തിന്റെ പങ്ക് വഹിക്കാൻ ഭാരതത്തെ പ്രാപ്തരാക്കുകയും വേണം. അദ്ദേഹം പറഞ്ഞു.
പ്രതിനിധി സഭ ഇന്നവസാനിക്കും. അമ്പത്തിഅയ്യായിരം പ്രവർത്തന കേന്ദ്രങ്ങളിൽ നിന്ന് ഒരു ലക്ഷം സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതിക്ക് പ്രതിനിധി സഭ അന്തിമരൂപം നൽകും.
Discussion about this post