അയോധ്യ: സംന്യാസിശ്രേഷ്ഠരുടെയും ആചാര്യന്മാരുടെയും സാന്നിധ്യത്തില്‍ ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രശ്രീകോവിലിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിസ്ഥാനശില പാകി. ഹനുമാന്‍ ഗഡിയില്‍ ശ്രീരാമദാസന്‍ ഹനൂമാന് പൂജകള്‍ ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി ശിലാസ്ഥാപനത്തിന് എത്തിയത്.
കാലങ്ങളായി കാത്തിരുന്ന പുണ്യമുഹൂര്‍ത്തമാണ് സമാഗതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാമജന്മഭൂമിയിലുയരുന്ന ക്ഷേത്രം ദേശീയ ഏകതയുടെ മഹത്തായ അടയാളമാകും. ഇത് രാഷ്ട്രമന്ദിരനിര്‍മ്മാണമാണ്. രാഷ്ട്രത്തിന്റെ അഭിമാനത്തിന്റെ ശ്രീകോവിലിനാണ് ഇന്ന് കല്ലിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയതാണ് ക്ഷേത്രനിര്‍മ്മാണം. വിധിപ്രകാരം അത് പൂര്‍ത്തിയാക്കാനുള്ള സൗഭാഗ്യമാണ് ഈ മുഹൂര്‍ത്തത്തിലൂടെ കൈവരുന്നതെന്നും അതിന്റെ തുടക്കമാണ് ഗര്‍ഭഗൃഹത്തിന്റെ ശിലാസ്ഥാപനമെന്നും യോഗി പറഞ്ഞു.
കല്ലിട്ടതിന് ശേഷം ദ്രാവിഡശൈലിയില്‍ പണിതീര്‍ത്ത രാംലാല സദന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ, തീര്‍ത്ഥക്ഷേത്രട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചന്ത്ത് റായ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
2023 ഡിസംബറോടെ ഗര്‍ഭഗൃഹ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആരാധനയ്ക്ക് അവസരമൊരുക്കുമെന്ന് നിര്‍മ്മാണച്ചുമതല വഹിക്കുന്ന ശ്രീരാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രനിര്‍മ്മാണത്തിന്റെ ആദ്യഘട്ടമാണ് പുരോഗമിക്കുന്നത്.
ശ്രീകോവില്‍തൂണുകളില്‍ ഗ്രാനൈറ്റ് പാകുന്ന പണി ആഗസ്തില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്രനിര്‍മ്മാണസമിതി ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര പറഞ്ഞു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുമെത്തിച്ച പതിനേഴായിരം കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
മൂന്ന് ഘട്ടമായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 2023ല്‍ ശ്രീകോവില്‍ പൂര്‍ത്തിയാകും. 2024 അവസാനത്തോടെ ക്ഷേത്രനിര്‍മ്മാണവും 2025ല്‍ ക്ഷേത്രസമുച്ചയവും പൂര്‍ത്തിയാക്കി രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2020 ആഗസ്ത് 5നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.
Discussion about this post